ബാലുശേരിയിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു, ഹോട്ടല്‍ പൂട്ടിച്ചു


ബാലുശേരി: ബാലുശേരിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ഭക്ഷണങ്ങള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചു.

ബാലുശേരി ടൗണ്‍, കോക്കല്ലൂര്‍, അറപ്പീടിക, വട്ടോളി ബസാര്‍, എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. അറപ്പിടികയിലെ ചില്ലീസ് ഹോട്ടല്‍ പൂട്ടിച്ചു. ഗ്യാലക്‌സി ബേക്കറിക്ക് നോട്ടീസ് നല്‍കി. മറ്റ് സ്ഥാപനങ്ങല്‍ക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

ബാലുശേരി ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കെ. സുധീഷ് കുമാറിന്റ െനേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. ബിനു, സി.ജി. സജില്‍ കുമാര്‍, അബ്ദുള്‍ ലത്തീഫ്, ആര്‍.പി. ഷാജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.