പുകവലി വിരുദ്ധ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത 20 സ്ഥാപനങ്ങള്‍ക്ക് പിഴ, തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ കര്‍ശന നിര്‍ദേശം; പേരാമ്പ്രയിലെ 86 ഓളം സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന


പേരാമ്പ്ര: പേരാമ്പ്ര ആരോഗ്യ ബ്ലോക്കിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പേരാമ്പ്ര ടൗണിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന 86 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.

പരിശോധനയില്‍ പുകവലി വിരുദ്ധ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത 20 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൂടാത ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത തൊഴിലാളികള്‍ക്ക് ഈ ആഴ്ച തന്നെ ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. കുടിവെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് കടകളില്‍ സൂക്ഷിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചു.

പേരാമ്പ്ര മാര്‍ക്കറ്റിനു സമീപത്തെ ഫ്‌ലോര്‍ മില്ലില്‍ നിന്നും പൊടിച്ച് വില്പനക്കായി തയ്യാറാക്കി വച്ചിരിക്കുന്ന ഉപയോഗ യോഗ്യമല്ലാത്ത അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ഫൈന്‍ ഇടാക്കുകയും ചെയ്തു. പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവര്‍ത്തിക്കുന്ന 6 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കുകയും ചെയ്തു.

പരിശോധനക്ക് താലൂക്കാശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് കുമാര്‍ പി.വി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശരത് കുമാര്‍ പി.കെ, ആര്‍.കെ.രാജു, സതീശന്‍ സി.പി, പ്രമീള. എ.ടി., ഷിജി എന്‍.ടി, സീനാ ബായ് ഡി.ആര്‍, ജൂനിയര്‍ എച്ച്.ഐമാരായ അബ്ദുള്‍ അസീസ് വി.ഒ, എം.പി സുരേഷ്, വി.എം ബിജു, ഷാജി.കെ.എം, സുനില്‍കുമാര്‍ പി, കെ.രാഗേഷ്, റൂബി ഗിരീഷ്‌കുമാര്‍ എ എം, ഷാജി.പി, നവ്യ വി, ആതിര സി, അരിന്ദന്‍ ഒ.സി, ഉഷാകുമാരി, നവീന്‍ ലിനോയ്, ജോബി എന്നിവര്‍ നേതൃത്വം നല്‍കി.