കൊളസ്ട്രോള്‍ കുറയ്ക്കണോ? ഈ അടുക്കളചേരുവകള്‍ നിങ്ങളെ സഹായിക്കും
നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ചീത്ത കൊളസ്ട്രോള്‍ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാന്‍ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാല്‍ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ചേരുവകള്‍ നമ്മുടെ വീടുകളില്‍ എപ്പോഴും ഉണ്ടാകുന്നവയാണ്. ഇന്ത്യന്‍ പാചകത്തില്‍ ഉപയോഗിക്കുന്ന ധാരാളം ചേരുവകള്‍ ഉണ്ട്. അവയ്ക്ക് വലിയ പോഷകമൂല്യമുണ്ട് എന്ന് മാത്രമല്ല, അധിക കലോറികള്‍ കത്തിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ കൊഴുപ്പ് കുറഞ്ഞ കോണ്ടിനെന്റല്‍ ഡയറ്റിലേക്ക് മാറുന്നതിനു പകരം ഇനിപ്പറയുന്ന ഈ ചേരുവകള്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ബുദ്ധി.
1. മഞ്ഞള്‍
മിക്കവാറും എല്ലാ ഇന്ത്യന്‍ വിഭവങ്ങളിലും ഉപയോഗിക്കുന്ന അടിസ്ഥാന ചേരുവകളില്‍ ഒന്നാണ് മഞ്ഞള്‍. കാന്‍സര്‍ തടയുന്നതിനും, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ നല്‍കുന്നതിനും, ആരോഗ്യകരമായ രീതിയില്‍ ശരീര ഭാരം കുറയ്ക്കുവാനും ഇവ ഗുണകരമാണെന്ന് പൊതുവെ അറിയപ്പെടുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന സംയുക്തം ഇന്‍സുലിന്‍, ലെപ്റ്റിന്‍ പ്രതിരോധത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു, ഇവ രണ്ടും കൊഴുപ്പ് നിക്ഷേപത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. മഞ്ഞള്‍ ശരീരത്തിന് ആവശ്യമുള്ള രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും ശരീരത്തില്‍ നിന്ന് ചീത്ത കൊളസ്‌ട്രോള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു.
2. വെളുത്തുള്ളി
ഇന്ത്യന്‍ പാചകരീതിയില്‍ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ഘടകമായ വെളുത്തുള്ളി ഔഷധ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന സള്‍ഫര്‍ സംയുക്തത്തിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്ന ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്.
3. ഏലയ്ക്ക
വിഭവങ്ങള്‍ക്ക് രുചി പകരുവാന്‍ മാത്രമല്ല, കലോറി എരിച്ചുകളയാനും സഹായിക്കുന്ന മറ്റൊരു ഇന്ത്യന്‍ സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഈ സുഗന്ധവ്യഞ്ജനം ദഹന ഗുണങ്ങള്‍ നിറഞ്ഞതാണ്, കൂടാതെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
4. കടുക് എണ്ണ
കടുകെണ്ണ തീര്‍ച്ചയായും ആരോഗ്യകരമായ ഒരു ഭക്ഷ്യ എണ്ണയാണ്. മറ്റ് പാചക എണ്ണകളെ അപേക്ഷിച്ച് കടുകെണ്ണയില്‍ പൂരിത കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. ഫാറ്റി ആസിഡ്, ലിനോലെയിക് ആസിഡ്, ഒലിക് ആസിഡ്, എരുസിക് ആസിഡ്, അവശ്യ വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ പോലുള്ള ശരീരത്തിന് ഗുണങ്ങള്‍ പകരുന്ന മറ്റ് ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം പരമാവധി നിയന്ത്രണവിധേയമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
5. തേന്‍
കലോറി കുറയ്ക്കുന്നതില്‍ തേനിന്റെ ശക്തിയെക്കുറിച്ച് നമ്മളില്‍ മിക്കവര്‍ക്കും അറിയാം. ചൂടുവെള്ളത്തില്‍ തേന്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.
6. കറിവേപ്പില
കറിവേപ്പില നമ്മുടെ ഭക്ഷണത്തിന് രുചി പകരുക മാത്രമല്ല, ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളും അനാവശ്യ കൊഴുപ്പും നീക്കം ചെയ്യാനും സഹായിക്കുന്നു.
7. മുളക്
ഇന്ത്യന്‍ പാചകരീതിയിലെ പ്രധാന ഘടകമാണ് മുളക്. ക്യാപ്സൈസിന്‍ എന്ന ഒരു പ്രധാന മൂലകം അടങ്ങിയ മുളക് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഇവയുടെ ചൂട് ഉല്‍പ്പാദിപ്പിക്കുന്ന ഗുണം ശരീരത്തിനുള്ളിലെ അധിക കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു.
8. മുളപ്പിച്ച പയര്‍
ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയതിനാല്‍ മുളപ്പിച്ച പയര്‍ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. അവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
9. കാബേജ്
കാബേജ് ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പ്രാദേശികമായി വളരുന്ന ഒരു പച്ചക്കറിയാണ്. ഇത് കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും കൊഴുപ്പാക്കി മാറ്റുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു, ഇത് കൊഴുപ്പിന്റെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
10. തിന
റാഗി, ജോവര്‍, തുടങ്ങിയ തിനകളില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നല്ല കൊളസ്‌ട്രോള്‍ നില നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, അധിക കലോറി എരിച്ചുകളയുന്ന പിത്തരസം സ്രവണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.