ഹോട്ടൽ പൊളിച്ചു മോഷണം നടത്തിയ കേസിൽ ജാമ്യത്തിലറങ്ങി മുങ്ങി; കക്കയം സ്വദേശിയായ പ്രതി 18 വർ‌ഷത്തിന് ശേഷം പിടിയിൽ


കോഴിക്കോട്: മോഷണ കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതി 18 വർ‌ഷത്തിന് ശേഷം പിടിയിൽ. കക്കയം സ്വദേശി മമ്പാട് വീട്ടിൽ സക്കീറിനെ (39) ആണ് സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്. 2006ലാണ് കേസിനാസ്പദമായ സംഭവം.

കോഴിക്കോട് കക്കോടിയിലെ അനുരൂപ് ഹോട്ടൽ പൊളിച്ചു മോഷണം നടത്തിയതിന് സക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങുകയായിരുന്നു. 2008ൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സക്കീർ നാട്ടുകാരുമായോ, വീട്ടുകാരുമായോ ബന്ധപ്പെടാത്തതിനാൽ പോലിസിന് ഇയാളെ അന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

വിവാഹം കഴിച്ച് നിലമ്പൂർ ഭാഗത്ത് ഇയാൾ മറ്റൊരു പേരിൽ താമസിച്ചു വരുന്നതിനിടെയാണ് ഇപ്പോൾ പിടിയിലായത്. സക്കീറിനിന്റെ പേരിൽ കോഴിക്കോട് സിറ്റിയിലും റൂറലിലും മോഷണ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.