ലൈഫ് പദ്ധതി അട്ടിമറിക്കുന്നതായി പരാതി; വേളത്ത് എല്‍.ഡി.എഫ്. അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി, ഭവനപദ്ധതിക്ക് മതിയായ തുക വകയിരുത്തിയില്ലെന്ന് ആരോപണം
വേളം: വേളം പഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതി അട്ടിമറിക്കുന്നതായി ആരോപിച്ച് എല്‍.ഡി.എഫ്. അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. വാര്‍ഷികപദ്ധതി അംഗീകരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ഭവനപദ്ധതിക്ക് മതിയായ തുക വകയിരുത്തിയില്ലെന്ന് ആരോപിച്ചാണ് എല്‍.ഡി.എഫ്. അംഗങ്ങള്‍ ഇറങ്ങിപ്പോയത്. നാമമാത്രമായ തുകവകയിരുത്തി പദ്ധതി അട്ടിമറിക്കാനാണ് നീക്കം.
വേളം ഗ്രാമപ്പഞ്ചായത്തില്‍ ഭൂരഹിത-ഭവനരഹിതരായി 257 പേരെയാണ് തിരഞ്ഞെടുത്തത്. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കണമെന്നും എല്‍.ഡി.എഫ്. അംഗങ്ങള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ ആരോഗ്യ-വിദ്യാഭ്യാസ അധ്യക്ഷ സുമ മലയില്‍ ഉദ്ഘാടനംചെയ്തു. അഞ്ജനാ സത്യന്‍ അധ്യക്ഷയായി. പി.പി.ചന്ദ്രന്‍, കെ.സി.സിത്താര, ബീന കോട്ടേമ്മല്‍, കെ.കെ.ഷൈനി തുടങ്ങിയവര്‍ സംസാരിച്ചു.
എന്നാല്‍, എല്‍.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ പറഞ്ഞു. തിങ്കളാഴ്ച നടന്ന ഭരണസമിതിയോഗത്തില്‍ ലൈഫ് ഭവനപദ്ധതി അജന്‍ഡയിലില്ലാതിരുന്നിട്ടും അതിന്റെ പേരില്‍ അനാവശ്യ തര്‍ക്കത്തിലേര്‍പ്പെട്ട് ബഹളംവെക്കുകയായിരുന്നെന്ന് പ്രസിഡന്റ് പറഞ്ഞു.