മദ്യപിച്ച് ബോധരഹിതരായി ദമ്പതികള്‍; കുഞ്ഞ് രാത്രിയില്‍ റോഡില്‍, എടപ്പാളില്‍ കുട്ടിയെ ഏറ്റെടുക്കാന്‍ ശിശുക്ഷേമ സമിതി


എടപ്പാള്‍: നടുവട്ടം അയിലക്കാട് റോഡില്‍ ടെന്റ് കെട്ടി താമസിക്കുന്ന നാടോടി ദമ്പതികള്‍ക്കൊപ്പമുള്ള 2 വയസ്സുള്ള കുഞ്ഞിനെ ഏറ്റെടുക്കാന്‍ ശിശുക്ഷേമ സമിതി അധികൃതര്‍ നിയമനടപടികള്‍ ആരംഭിച്ചു.

കുഞ്ഞ് ഇവര്‍ക്കൊപ്പം കഴിയുന്നത് സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആണ് കുഞ്ഞിനെ ഏറ്റെടുത്ത് സുരക്ഷിതമായി താമസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിനു മുന്നോടിയായുള്ള രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. അനുമതി ലഭിച്ചാലുടന്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കും.

എസ്റ്റേറ്റിനു മുന്‍വശത്തെ റോഡരികില്‍ ഷീറ്റ് മറച്ചുകെട്ടിയാണ് ഇവര്‍ താമസിക്കുന്നത്. കൂലിപ്പണിക്കു പോകുന്ന ദമ്പതികള്‍ തിരിച്ചെത്തി മദ്യപിച്ച് ബോധരഹിതരായി കിടക്കുന്ന അവസ്ഥയാണ്. ഇതോടെ കുഞ്ഞ് രാത്രിയില്‍ റോഡിലേക്ക് ഇറങ്ങിപ്പോകുന്നതും തൊട്ടടുത്ത കാട്ടിലേക്ക് കടക്കുന്നതും ആശങ്കയുണ്ടാക്കുന്നു.

ഇന്നലെയും ചങ്ങരംകുളം പൊലീസിന്റെയും സ്‌പെഷല്‍ ബ്രാഞ്ചിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആരായാന്‍ ശ്രമിച്ചെങ്കിലും ബോധരഹിതരായി കിടക്കുന്നതിനാല്‍ സാധിച്ചില്ല.