‘യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത് ക്ഷണം കിട്ടിയിട്ട്, സംസാരിച്ചത് സദുദ്ദേശത്തോടുകൂടി’; പി പി ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ ഹരജി നൽകിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും തന്നെ ക്ഷണിച്ചത് കലക്ടറാണെന്നും ദിവ്യ ഹരജിയിൽ പറഞ്ഞു. യാത്രയയപ്പ് യോഗത്തിൽ സംസാരിക്കാൻ ക്ഷണമുണ്ടായി. ഡെപ്യൂട്ടി കലക്ടറാണ് സംസാരിക്കാൻ ക്ഷണിച്ചത്. ചടങ്ങിൽ സംസാരിച്ചത് സദുദ്ദേശ്യത്തോടുകൂടിയാണെന്നും ഹരജിയിൽ പരാമർശിക്കുന്നു.
അഡ്വ. കെ. വിശ്വം മുഖേനയാണ് ഹരജി സമർപ്പിച്ചത്. യാത്രയയപ്പ് ദിവസം രാവിലെ കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെ ഒരു പരിപാടിക്കിടെ കണ്ടിരുന്നു. അദ്ദേഹം ആ പരിപാടിക്കിടെയാണ് എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങുണ്ടെന്ന കാര്യം തന്നോട് പറയുന്നതും ക്ഷണിച്ചതും. മറ്റ് പരിപാടികളിൽ തിരക്കിലായതിനാൽ കൃത്യസമയത്ത് തനിക്ക് ചടങ്ങിലെത്താനായില്ല. തുടർന്ന് പരിപാടി കഴിഞ്ഞുവോ എന്ന് കലക്ടറോട് വിളിച്ച് അന്വേഷിക്കുകയും ഇല്ലെന്ന് അദ്ദേഹം പറയുകയും തന്നോട് വരാൻ നിർദേശിക്കുകയും ചെയ്തു. ഇതിൻറെ അടിസ്ഥാനത്തിലാണ് താൻ ചടങ്ങിലെത്തിയത്.
നവീൻ ബാബുവിന് കൈക്കൂലി നൽകിയതായി വി.ടി പ്രശാന്ത് തന്നോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഗംഗാധരൻ എന്നയാളും സമാന ആക്ഷേപം തന്നോട് പറഞ്ഞിരുന്നു. ഫയലുകൾ വെച്ചു താമസിപ്പിക്കുന്നതായി വിമർശനവും എഡിഎമ്മിനെതിരെ ഉണ്ടായിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ ഇതെല്ലാം ചൂണ്ടിക്കാണിക്കുകയാണുണ്ടായത്. ചടങ്ങിൽ പറഞ്ഞതെല്ലാം സദുദ്ദേശ്യത്തോടെയുള്ള കാര്യങ്ങളാണ്. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കും. പ്രായമായ മാതാപിതാക്കളും ഭർത്താവും ഒരു പെൺകുട്ടിയും ഉണ്ടെന്നും അതുകൊണ്ട് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ദിവ്യ ഹരജിയിൽ പറയുന്നുണ്ട്.