കൊലവിളി മുദ്രാവാക്യം എഫ്.ഐ.ആെറിലെത്തിയപ്പോള്‍ ‘ഭാരത് മാതാ കീ ജയ്’; പേരാമ്പ്രയില്‍ ബി.ജെ.പി നടത്തിയ പ്രകടനത്തിനെതിരായ കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു
പേരാമ്പ്ര: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പേരാമ്പ്രയില്‍ ബി.ജെ.പി നടത്തിയ പ്രകടനത്തിനെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. സംഘപരിവാറിനെ സഹായിക്കുന്നതാണ് പൊലീസിന്റെ നടപടിയെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
മെയ് 10 നാണ് പേരാമ്പ്രയില്‍ കൊലവിളി മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രകടനം നടത്തിയത്. വിവിധ സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇതിനെതിരെ കേസെടുത്തത്. എന്നാല്‍ അനുമതി ഇല്ലാതെ പ്രകടനം നടത്തി, ഗതാഗത തടസം സൃഷ്ടിച്ചു എന്നീ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
കൊലവിളി മുദ്രാവാക്യത്തെ കുറിച്ചും എഫ്.ഐ.ആറില്‍ ഒന്നും പറയുന്നില്ല. ഭാരത് മാതാ കീ ജയ്, ജയ് ജയ് ജയ് ബി.ജെ.പി എന്നീ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ മുഴക്കിയത് എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഐ.പി.സി 143, 147, 283, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
മെയ് 27 ന് ബി.ജെ.പി നടത്തിയ പ്രകടനത്തിലും കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയില്‍ പേരാമ്പ്ര പൊലീസ് കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.
പൊലീസ് നയത്തില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ ഇന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. എസ്.ഡി.പി.ഐ നാളെ ഡി.വൈ.എസ്.പി ഓഫീസിലേക്കും മാര്‍ച്ച് നടത്തുന്നുണ്ട്.
എഫ്.ഐ.ആറിന്റെ പൂർണ്ണരൂപം:
ഹലാല്‍ സ്റ്റിക്കര്‍ ഇല്ലാത്ത ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ട് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. നാലംഗ സംഘം ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ടാണ് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയത്. പിന്നീട് മടങ്ങിപ്പോയ ഇവര്‍ വീണ്ടുമെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ബി.ജെ.പി പ്രകടനം നടത്തിയത്.
സംഭവത്തില്‍ സംഘപരിവാറിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നാടിന്റെ സമാധാന അന്തരീഷം തകര്‍ത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ഇത്തരം സംഭവങ്ങളിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.