എം.സി.എഫ് വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അരിക്കുളം; ഹർത്താൽ പൂർണ്ണം


അരിക്കുളം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരിക്കുളത്ത് മാലിന്യ സംസ്‌കരണ കേന്ദ്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സമരക്കാരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഹർത്താൽ ആചരിച്ചു. സർവ കക്ഷിയുടെ നേതൃത്വത്തിലാണ് അരിക്കുളത്ത് കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിച്ചത്. രാവിലെ 10.30 മുതൽ വെെകീട്ട് 5.30 വരെയായിരുന്നു ഹർത്താൽ.

പൊലീസ് സഹായത്തോടെ അരിക്കുളത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ (എം.സി.എഫ്) നിര്‍മ്മാണം തുടങ്ങാനുള്ള ശ്രമത്തിനിടെ ജനകീയ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ജെ.സി.ബിക്ക് മുന്നില്‍ നിന്ന് സമരക്കാർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് സമരക്കാരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയും പൊലീസ് വാഹനത്തില്‍ ഇവിടെ നിന്നുംമാറ്റുകയും ചെയ്തു. 160ഓളം പേരാണ് അറസ്റ്റിലായതെന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

അരിക്കുളത്തുകാര്‍ കലാ-കായിക സാംസ്‌കാരിക പരിപാടികള്‍ക്കായി ഒത്തുകൂടുന്ന പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപമുള്ള പുറമ്പോക്കില്‍ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതോടെയാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവിടെ രാപ്പകല്‍ ഇരിപ്പ് സമരം ആരംഭിച്ചത്. ഇരിപ്പ് സമരം തുടരുന്ന സാഹചര്യത്തിലായിരുന്നു പൊലീസ് സഹായത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ നീക്കമുണ്ടായത്. ഇതാണ് സംഘർഷത്തിലേക്കും അറസ്റ്റിലേക്കും നയിച്ചത്.

 

Also- ” സ്വന്തം നാട്ടുകാരെ തല്ലിയോടിക്കാന്‍ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റ് അരിക്കുളത്തിന് അപമാനം” ജെ.സി.ബിയ്ക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിയുമായി സമരക്കാര്‍- വീഡിയോ കാണാം

Also Read- ‘പൊലീസ് സഹായത്തോടെ അരിക്കുളത്ത് എം.സി.എഫ് നിര്‍മ്മാണം ആരംഭിക്കാന്‍ ശ്രമം; ചെറുത്ത് സമരസമിതി, പ്രദേശത്ത് സംഘര്‍ഷം, നൂറിലേറെപേര്‍ അറസ്റ്റില്‍