അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ


അഴിയൂർ: അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ. കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവൃത്തി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്താൻ സർവ്വകക്ഷി യോ​ഗം തീരുമാനിച്ചത്. രാവിലെ ആറ് മണിമുതൽ വെെകീട്ട് നാല് മണി വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.

കുഞ്ഞിപ്പള്ളി മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് ദേശീയപാത വികസന പ്രവൃത്തി കുഞ്ഞിപ്പള്ളിയിൽ തടഞ്ഞത്. മേഖലയിലെ യാത്രാ ദുരിതം പരിഹരിക്കാൻ അടിപ്പാത അനുവദിക്കുക, പള്ളിയോട് ചേർന്ന് നിൽക്കുന്ന സ്ഥലം കൈയ്യേറാനുള്ള ശ്രമം അനുവദിക്കില്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മഹല്ല് കോഡിനേഷൻ കമ്മിറ്റി രം​ഗത്തെത്തിയത്.

Also Read- അടിപ്പാത ആവശ്യം ശക്തം; കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവർത്തി തടഞ്ഞു, സ്ഥലത്ത് വൻ പോലിസ് സന്നാഹം

പ്രവൃത്തി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പത്ത് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടകര ഡിവെെഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ വടകര, കൊയിലാണ്ടി, എടച്ചേരി, പയ്യോളി സിഐ മാർ ഉൾപ്പെടെ സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

ഹർത്താലിനോട് അനുബന്ധിച്ച് നാളെ രാവിലെ ഒമ്പത് മണിക്ക് കുഞ്ഞപ്പള്ളിമുതൽ വടകര ബ്ലോക്ക് ഓഫീസ് വരെ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. കുഞ്ഞപ്പള്ളി എസ്എംഇ കോളേജിലാണ് സർവ്വകക്ഷിയോ​ഗം ചേർന്നത്. യോ​ഗത്തിൽ ഹൽ കോ ഓഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര വ്യവസായ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Summary: Hartal tomorrow in Azhiyur panchayat