ദേശീയപാത വികസന പ്രവൃത്തി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തം; അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ ആരംഭിച്ചു


അഴിയൂർ: അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണിമുതൽ വെെകീട്ട് നാല് മണി വരെയാണ് ഹർത്താൽ. കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവൃത്തി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്താൻ സർവ്വകക്ഷി യോ​ഗം തീരുമാനിച്ചത്. ഹർത്താലിനോട് അനുബന്ധിച്ച് രാവിലെ ഒമ്പത് മണിക്ക് കുഞ്ഞപ്പള്ളിമുതൽ ബ്ലോക്ക് ഓഫീസ് വരെ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഹർത്താലിനെ ബിജെപി പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. ദേശീയപാർട്ടി എന്ന നിലയിൽ ബിജെപി ക്ക് എല്ലായിടത്തും ഒരേ നിലപാടാണെന്നും വികസനത്തിന് ബിജെപി എതിരല്ലെന്നും നേതാക്കൾ പറഞ്ഞു.

തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ ഭൂമി ഭാഗികമായും, മുക്കാളി അവധൂത മാത സമാധി മണ്ഡപവും, ചെല്ലട്ടാം വീട്ടിൽ ക്ഷേത്രവും ദേശീയപാത നിർമ്മാണ പ്രവർത്തിക്കായി പൂർണ്ണമായും പൊളിച്ച് നീക്കുകയും ചെയ്തപ്പോൾ പ്രതിഷേധിക്കാതിരുന്നവർ കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷിക്കണമെന്ന് പറഞ്ഞ് രംഗത്ത് വരുന്നത് ഇരട്ടത്താപ്പാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നേടിയെടുക്കാനുള്ള കുതന്ത്രമാണിതെന്നും ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

കുഞ്ഞിപ്പള്ളി മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് ദേശീയപാത വികസന പ്രവൃത്തി കുഞ്ഞിപ്പള്ളിയിൽ തടഞ്ഞത്. മേഖലയിലെ യാത്രാ ദുരിതം പരിഹരിക്കാൻ അടിപ്പാത അനുവദിക്കുക, പള്ളിയോട് ചേർന്ന് നിൽക്കുന്ന സ്ഥലം കൈയ്യേറാനുള്ള ശ്രമം അനുവദിക്കില്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മഹല്ല് കോഡിനേഷൻ കമ്മിറ്റി രം​ഗത്തെത്തിയത്. പ്രവൃത്തി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പത്ത് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.