മാഹിയിൽ ഹർത്താൽ തുടരുന്നു; പെട്രോൾ പമ്പുകളും കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു, ഹർത്താൽ വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യ വൽക്കരണ നീക്കത്തിലും പ്രതിഷേധിച്ച്
മാഹി: രാവിലെ ആറു മണിക്ക് ആരംഭിച്ച ഹർത്താൽ മാഹിയിൽ തുടരുന്നു. ഇന്ത്യ മുന്നണി കക്ഷികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യ വൽക്കരണ നീക്കത്തിനുമെതിരെയാണ് പുതുച്ചേരി സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചത്.
പുതുച്ചേരിയുടെ ഭാഗമായ മാഹിക്ക് പുറമെ പള്ളൂർ, പന്തക്കൽ , കോപ്പാലം എന്നിവിടങ്ങളിലും ഹർത്താൽ തുടരുകായാണ്.. ഈ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകൾ, കടകമ്പോളങ്ങൾ, ഹോട്ടലുകൾ, മദ്യ വില്പന കേന്ദ്രങ്ങൾ തുടങ്ങിയവ അടഞ്ഞു കിടക്കുകയാണ്. അതെ സമയം പൊതു ഗതാഗതത്തെ ഹർത്താൽ ബാധിച്ചിട്ടില്ല.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.പെട്രോളിയം ഉൽപ്പന്നങ്ങൾക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും മദ്യത്തിനും വിലക്കുറവ് അനുഭവപ്പെടുന്നതിനാൽ കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ നിന്നുള്ളവർ മാഹിയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് മാഹിയിൽ സമ്പൂർണ ഹർത്താൽ ആണ്.
വൈദ്യുതിചാർജ് കുത്തനെ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. വൈദ്യുതി വകുപ്പ് സ്വകാര്യകമ്പനികൾക്ക് കൈമാറാനുള്ള ഗൂഢനീക്കവും ഇതോടൊപ്പം തുടരുന്നെന്ന് ഇന്ത്യാ മുന്നണി ആരോപിച്ചു.