‘കലാപകാരികളല്ല, സാമൂഹിക ജീർണതകളോട് കലഹിച്ചുകൊണ്ടിരിക്കുന്നവർ’; ശ്രദ്ധേയമായി നടുവത്തൂരിലെ ഹർഷം- 2023



അരിക്കുളം: ശ്രദ്ധേയമായി നടുവത്തൂർ സ്വാതി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹർഷം – 2023 നാടക പ്രവർത്തക സം​ഗമം. മധ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ പരപാടി ഉദ്ഘാടനം ചെയ്തു.

വർത്തമാന കാല സാമൂഹ്യ പ്രശ്ന പരിഹാരത്തിനുള്ള സിദ്ധൗഷധമാണ് കലയെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന് ഒരിക്കലും കലാപകാരിയാകാനാവില്ല. എന്നാൽ വ്യവസ്ഥിതികളോടും സാമൂഹിക ജീർണതകളോടും കലാകാരൻ കലഹിച്ചു കൊണ്ടേയിരിക്കും. പഴയ കാല നാടകങ്ങൾ കേരളത്തിലെ സാമൂഹിക വ്യവസ്ഥയെ മാറ്റിമറിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. നാടകങ്ങളുടെ തിരിച്ചു വരവ് ശുഭലക്ഷണമാണ്. ഈ മേഖലയിൽ സ്വാതി തിയറ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഇയ്യച്ചേരി പറഞ്ഞു.

തിരക്കഥാകൃത്തും സംവിധായകനുമായ നൗഷാദ് ഇബ്രാഹിം പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. നാഷനൽ ഫിലീം അക്കാദമി – നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ഇന്റർ നേഷനൽ ഷോർട്ട് ഫിലീം ഫെസ്റ്റിവലിൽ ഹ്രസ്വ ചലചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ പ്രശാന്ത് ചില്ലയെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ എഴുത്തുകാരൻ ഷാജീവ് നാരായണൻ അധ്യക്ഷ്യത വഹിച്ചു. രാമചന്ദ്രൻ നീലാംബരി, ഇ.വിശ്വനാഥൻ, ഇടത്തിൽ രവി , ശിവപ്രസാദ് ശിവപുരി, കെ.ടി. ശ്രീകുമാർ, രാജൻ നടുവത്തൂർ, വി.വി.സുകുമാരൻ , ഇ.എം.രാധാകൃഷ്ണൻ , പി.സുരേന്ദ്രൻ, ഷീജ രഘുനാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന അഭിനയക്കളരിയ്ക്ക് ദിനേശ് പ്രസാദ്, ഡെലീഷ് കീഴരിയൂർ, രാകേഷ് ആവണി, നേഹാ മണി, ബാബു കല്ലറയിൽ എന്നിവർ നേതൃത്വം നൽകി.