തോക്കുമായി നടന്ന് നീങ്ങുന്ന ഭീകരര്‍, പിന്നാലെ വെടിയുതിര്‍ത്തു, ഒരുനിമിഷം കൊണ്ട്‌ കണ്ണീർക്കാഴ്ചയായി പഹൽഗാം; നരിക്കുനി സ്വദേശി പകർത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍


ദില്ലി: പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് സോഷ്യല്‍മീഡിയ മുഴുവന്‍. കുടുംബാംഗങ്ങൾക്കൊപ്പം ബയ്സരൺവാലിയിൽ എത്തിയ നരിക്കുനി സ്വദേശി നിഹാലിന്റെ ഫോണിലാണ് ആ ഭീകര ദൃശ്യങ്ങള്‍ പതിഞ്ഞത്. സഹോദരന്‍ സിപ് ലൈനില്‍ പോവുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആദ്യ വെടിയൊച്ച നിഹാല്‍ കേട്ടത്‌.

ഭീകരർ തോക്കുമായി നിൽക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഭീകരാക്രമണം ആണെന്ന് മനസിലായതോടെ ഉടന്‍ അവിടെ നിന്നും നിഹാലും കുടുംബവും രക്ഷപ്പെടുകയായിരുന്നു. വെടിയൊച്ചയുടെ ശബ്ദം കേട്ടെങ്കിലും എന്താണ് നടക്കുന്നതെന്ന് ആദ്യം മനസിലായില്ലെന്നും അവിടെ നിന്നും താഴേക്ക് പോവാന്‍ സഹായിച്ചത് പ്രദേശവാസിയായ ഒരു പെണ്‍കുട്ടിയാണെന്നും നിഹാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്‌. ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്-ടിആര്‍എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം ഇന്ത്യക്കാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്‌.

Description: Harrowing footage of the Pahalgam terror attack captured by Niha