പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നവരാണോ? അറിഞ്ഞിരിക്കണം, ഈ ആരോഗ്യ പ്രശ്‌നങ്ങള്‍
ഒട്ടുമിക്ക ഭക്ഷണങ്ങളിലും എണ്ണ ഉപയോഗിക്കുന്നവരാണ് ഇന്ത്യക്കാർ. എന്നാല്‍ ഏത് എണ്ണയിലാണ് ഇത് പാകം ചെയ്യുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരിക്കൽ ഉപയോഗിച്ച എണ്ണയില്‍ വീണ്ടും വീണ്ടും ഭക്ഷണം പാകം ചെയ്യുന്നത് ഇന്ത്യന്‍ അടുക്കളകളില്‍ വളരെ സാധാരണമാണ്. ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും നിങ്ങളുടെ സമയവും പണവും ലാഭിക്കും. എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തിന് ദോഷകരമാണ്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് അനുസരിച്ച്, പാചക എണ്ണ വീണ്ടും ചൂടാക്കുന്നത് വിഷ പദാര്‍ത്ഥങ്ങള്‍ പുറത്തുവിടുന്നതിനും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ വര്‍ദ്ധനവിനും കാരണമാകുന്നു. ഇത് പലതരം വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകുന്നു. FSSAI മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കണം. പരമാവധി മൂന്ന് തവണ എണ്ണ വീണ്ടും ഉപയോഗിക്കുന്നത് അനുവദനീയമാണ്. ട്രാൻസ് ഫാറ്റ് (trans-fat) ഉണ്ടാകാതിരിക്കാനാണ് ഇതിൽ കൂടുതൽ ഉപയോഗിച്ച എണ്ണ പുനരുപയോഗിക്കരുത് എന്നു പറയുന്നത്.
”ഒരാള്‍ക്ക് എത്ര തവണ അത് സുരക്ഷിതമായി പുനരുപയോഗിക്കാം എന്നത് അതില്‍ ഏത് തരം ഭക്ഷണമാണ് വറുത്തത്, ഏത് തരം എണ്ണ, ഏത് താപനില, പാചകം ചെയ്യാനെടുത്ത സമയം എന്നിവയെ ആശ്രയിച്ചിരിക്കുന്നു”, മിത്ര എസ്‌കെ ഫുഡ് ടെസ്റ്റിംഗ് സര്‍വീസസിലെ ലാബ്-ഇന്‍-ചാര്‍ജ് ഡോ. സൗമ്യദീപ് മുഖോപാധ്യായ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. എണ്ണകള്‍ വീണ്ടും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാചക എണ്ണ വീണ്ടും ചൂടാക്കുന്നതിന്റെ അപകടസാധ്യതകള്‍:
രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു
ഉപയോഗിക്കുന്ന വറുത്ത എണ്ണയുടെ രാസഘടന മാറുകയും ഫാറ്റി ആസിഡുകള്‍ പുറത്തുവിടുകയും ചെയ്യുന്നു. വറുത്ത എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് വിഷാംശം, ലിപിഡ് നിക്ഷേപം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, ഹൈപ്പര്‍ടെന്‍ഷന്‍, ആര്‍ത്തിറോസെലെറോസിസ്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.
അസിഡിറ്റിയും ദഹനക്കേടും
എണ്ണയുടെ പുനരുപയോഗം അസിഡിറ്റി, എരിച്ചില്‍, തൊണ്ടയിലെ പ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍, നിങ്ങള്‍ക്ക് അസിഡിറ്റി ഉണ്ടെങ്കില്‍ ജങ്ക് ഫുഡുകള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും ഡോ മുഖോപാധ്യായ പറഞ്ഞു.
കൊളസ്‌ട്രോളിന്റെ അളവ് കൂടും
എണ്ണകള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍, ട്രാന്‍സ് ഫാറ്റി ആസിഡുകളുടെ അളവ് വര്‍ദ്ധിക്കുന്നു. ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കുമ്പോള്‍ എണ്ണയിലെ ചില കൊഴുപ്പുകള്‍ ട്രാന്‍സ് ഫാറ്റുകളായി മാറുമെന്നും ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഡോ മുഖോപാധ്യായ പറഞ്ഞു. ട്രാന്‍സ് ഫാറ്റുകള്‍ അനാരോഗ്യകരമായ കൊഴുപ്പുകളാണ്.
ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും
പാചക എണ്ണകള്‍ വീണ്ടും ചൂടാക്കുന്നത് അര്‍ബുദത്തിനു കാരണമായ പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAH), ആല്‍ഡിഹൈഡുകള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു, ഇത് ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും.