മാലിന്യ സംസ്‌ക്കരണവും ശേഖരണവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക്; കായണ്ണ പഞ്ചായത്തില്‍ എന്റോള്‍മെന്റ് ക്യു.ആര്‍ കോഡ് പതിപ്പിക്കല്‍ പൂര്‍ത്തിയായി


കായണ്ണ: ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജിംഗ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ എന്റോള്‍മെന്റ് ക്യു.ആര്‍ കോഡ് പതിപ്പിക്കല്‍ കായണ്ണ പഞ്ചായത്തില്‍ പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശസ്ഥാപനമാണ് കായണ്ണ. ഹരിത കര്‍മ സേനയെ ഉപയോഗിച്ചാണ് വീടുകളിലും സ്ഥാപനങ്ങളിലും എന്റോള്‍മെന്റ് പ്രവര്‍ത്തങ്ങള്‍ പഞ്ചായത്ത് പൂര്‍ത്തിയാക്കിയത്. ഇതോടെ പഞ്ചായത്തിലെ മാലിന്യ സംസ്‌ക്കരണവും ശേഖരണവും ഡിജിറ്റലായി നിരീക്ഷിക്കാനും ഇടപെടല്‍ നടത്താനും സാധിക്കും.

25 ഹരിത കര്‍മസേന അംഗങ്ങളാണ് കായണ്ണയില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. വീടുകളും സ്ഥാപനങ്ങളുമായും നാലായിരത്തിലധികം എന്റോള്‍മെന്റുകളാണ് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ 12 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചത്. പഞ്ചായത്തിലെ ഓക്‌സിലറി ഗ്രൂപ്പുകളുടെ സഹായവും ഹരിത കര്‍മ്മ സേനക്ക് ലഭിച്ചു.

ഓരോ വീട്ടിലും സ്ഥാപനത്തിലും പ്രത്യേക ക്യു.ആര്‍ കോഡ് പതിപ്പിച്ചു എന്റോള്‍മെന്റ് ചെയ്യുന്നതിനാല്‍ തദ്ദേശ സ്ഥാപങ്ങളില്‍ നടക്കുന്ന ശുചിത്വ മാലിന്യം സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ ഒരു ഏകീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് ഹരിത്രമിത്രം ആപ്പിന്റെ പ്രത്യേകത. എന്റോള്‍മെന്റ് ചെയ്യുമ്പോള്‍ മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും ഫോട്ടോയും ആപ്പില്‍ രേഖപ്പെടുത്തും. തദേശ ഭരണ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള മാലിന്യ അവലോകനം, മാലിന്യം സംബന്ധിച്ച വാര്‍ഡ് തിരിച്ചുള്ള സര്‍വേ/പ്ലാന്‍ എന്റോള്‍മെന്റ് വിശദാംശങ്ങള്‍, മാലിന്യ സംസ്‌ക്കരണവുമായി ബന്ധപെട്ട് വാര്‍ഡ് തിരിച്ചുള്ള സേവനം, പരാതികള്‍, യൂസര്‍ഫീ ശേഖരണം എന്നിവയുടെ വിശദാംശങ്ങളെല്ലാം ഈ വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍, നിലവില്‍ ലഭ്യമായ മാലിന്യ സംസ്‌കരണ നടപടികള്‍, പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനും സേവനം വിലയിരുത്തുവാനും പരാതികള്‍ അറിയിക്കുവാനുമുള്ള സൗകര്യം എന്നിവയെല്ലാം ആപ്പിലൂടെ സാധിക്കും. പ്രതിദിനം രൂപപ്പെടുന്ന മാലിന്യത്തിന്റെ അളവ്, ശേഖരിച്ച് സംസ്‌ക്കരിക്കുന്ന മാലിന്യത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ പ്രതിദിന അപ്‌ഡേഷനിലൂടെ ലഭ്യമാകുന്നതിനാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തങ്ങള്‍ കൃത്യമായ ആസൂത്രണം ചെയ്യുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും സഹായകരമാകും. മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തങ്ങളില്‍ ഹരിത കര്‍മ്മസേനയുമായി സഹകരിക്കാത്ത വീടുകളെയും സ്ഥാപങ്ങളെയും ആപ്പു വഴി എളുപ്പത്തില്‍ കണ്ടെത്താനും കഴിയും.