പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിനിടെ കളഞ്ഞു കിട്ടിയ മോതിരം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു; മാതൃകാപരമായ പ്രവര്‍ത്തനത്തിന് കൈയ്യടി നേടി പേരാമ്പ്രയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍


പേരാമ്പ്ര: പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ കളഞ്ഞു കിട്ടിയ സ്വര്‍ണ മോതിരം ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് ഹരിതകര്‍മ്മ സേനാംഗങ്ങള്‍. പേരാമ്പ്ര 12ാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ സുമതി മഠത്തില്‍, ബിന്ദു പുത്തന്‍പുരയില്‍ എന്നിവരാണ് മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നത്.

പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് തരംതിരിക്കുന്നതിനിടയില്‍ ഒരു ചാക്കില്‍ നിന്നും സ്വര്‍ണ മോതിരം ലഭിക്കുകയായിരുന്നു. പരിശോധനയില്‍ മോതിരം കിട്ടിയത് കുട്ടമ്പത്ത് രാജന്‍ മാസ്റ്ററുടെ വീട്ടില്‍ നിന്നെടുത്ത ചാക്കില്‍ നിന്നാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ജോന പിയെ വിവരമറിയിക്കുകയും വാര്‍ഡ് മെമ്പറുടെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണ മോതിരം ഉടമസ്ഥയായ കുട്ടമ്പത്ത് ജയശ്രീയ്ക്ക് കൈമാറുകയും ചെയുകയായിരുന്നു.

നാടിനാകെ മാതൃകയായി സത്യസന്ധത കാണിച്ച പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേന പ്രവര്‍ത്തകരായ സുമതിയേയും ബിന്ദുവിനേയും മെമ്പറും നാട്ടുകാരും അഭിനന്ദിച്ചു.

summary: Haritha Karma Sena members of Perampra have been applauded for their exemplary work after finding the owner of a ring that was lost while collecting plastic.