ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാം, പൊതുജനങ്ങള്‍ക്ക് പരാതിയും നല്‍കാം; മേപ്പയ്യൂരില്‍ ഇ മോണിറ്റിംഗ് സിസ്റ്റം വരുന്നു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ഇ മോണിറ്റിംഗ് സിസ്റ്റം വരുന്നു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഹരിത കര്‍മസേനയെ ഗ്രീന്‍ ടെക്കനീഷ്യന്‍സ് എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ കഴിയും. പഞ്ചായത്തിലെ മുഴുവന്‍ പൊതുജനങ്ങള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളായി ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. കൂടാതെ പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാനും സാധിക്കും.

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം സംബന്ധിച്ച് മേപ്പയൂരില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും കെല്‍ട്രോണും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മസേന, സി.ഡി.എസ് അം?ഗങ്ങള്‍, പഞ്ചായത്തംഗങ്ങള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കാണ് പരശീലനം നല്‍കിയത്.

ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെല്‍ട്രോണിലെ പ്രൊജക്ട് കോ-ഓഡിനേറ്റര്‍മാരായ അഭിനവ്, അഖില്‍, ഹരിതകേരള മിഷന്‍ പ്രതിനിധി രുദ്രപ്രിയ എന്നിവര്‍ ക്ലാസ് നയിച്ചു. വി.ഇ.ഒ വിപിന്‍ദാസ് സ്വാഗതവും ഹരിത കര്‍മസേന പ്രസിഡന്റ് ശൈല നന്ദിയും പറഞ്ഞു.