കൂലി നിഷേധിച്ചതില്‍ പ്രതിഷേധം; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഒറ്റയാള്‍ സത്യാഗ്രഹവുമായി ഹരിത കര്‍മ്മ സേനാംഗം
പേരാമ്പ്ര: ജൂണ്‍ മാസത്തെ കൂലി നിഷേധിച്ചെന്ന് ആരോപിച്ച് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനാ അംഗം പ്രതിഷേധ സത്യാഗ്രഹം നടത്തി. പഞ്ചായത്തിനു കീഴിലെ ഹരിത കര്‍മ്മ സേനാഗമായ വി.ടി ഗിരിജയാണ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്തിയത്.
ജൂണ്‍ മാസത്തെ കൂലി ഹരിത കര്‍മ്മ സേനയുടെ സെക്രട്ടറി നിഷേധിച്ചതായാണ് ഇവരുടെ പരാതി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, വിഇഒ തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ഗിരിജ പറയുന്നു.
ഹരിതകര്‍മ്മ സേനയുടെ ഓഫീസ് തുടങ്ങിയ കാലം മുതല്‍ ഒന്‍പത് മാസക്കാലം ഹരിതകര്‍മ്മ സേനയുടെ ചാര്‍ജ്ജ് ഗിരിജയ്ക്കായിരുന്നു. ആ കാലയളവില്‍ അവിടെ ലഭിക്കുന്ന വരുമാനം ശമ്പളമായി എടുക്കാനായിരുന്നു തീരുമാനം. പിന്നീട് പ്രതിമാസ ശമ്പളമായി 3000 രൂപ നിശ്ചയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മുന്‍കാലങ്ങളില്‍ വാങ്ങിയ തുകയില്‍ നിന്നും നിശ്ചിത തുട തിരിച്ച് നല്‍കണമെന്ന് ഹരിതകര്‍മ്മ സേന സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നെന്നാണ് ഗിരിജ ആരോപിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് ശമ്പളത്തില്‍ നിന്നും നിശ്ചിത തുക തടഞ്ഞു വെക്കുകയും ജൂണ്‍മാസത്തില്‍ കൂലി നല്‍കാതിരിക്കുകയായിരുന്നെന്നും ഗിരിജ പറയുന്നു.
ഇതേ തുടര്‍ന്ന് അന്ന് വാങ്ങിയ കൂലി ഒരു കാരണവശാലും തിരിച്ചടയ്ക്കില്ലെന്ന നിലപാടിലും ജൂണ്‍ മാസത്തെ നിഷേധിച്ച കൂലി ലഭിക്കുവാനും ഹരിത കര്‍മ്മ സേനയുടെ സെക്രട്ടറിയെ പഞ്ചായത്ത് നിയന്ത്രിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഹരിത കര്‍മ്മ സേന അംഗം ഒറ്റയാള്‍ സത്യാഗ്രഹം നടത്തുകയായിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായ ബിപിന്‍ മലബാര്‍, കെ.ടി. വിനോദന്‍, വി. ഭാമോദരന്‍, എം.കെ. മുരളീധരന്‍, ടി.എം. ബാലന്‍ എന്നിവര്‍ സമരത്തിന് പിന്തുണയര്‍പ്പിച്ച് സംസാരിച്ചു.