‘ഹരിത വിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോ; ബെസ്റ്റ് പെര്‍ഫോര്‍മറായി നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഹ്‌ലം അബ്ദുള്ള
നൊച്ചാട്: ‘ഹരിത വിദ്യാലയം’ റിയാലിറ്റി ഷോയില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം നേടി നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഹ്‌ലം അബ്ദുല്ല. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവെക്കുന്ന ‘ഹരിത വിദ്യാലയം’ റിയാലിറ്റി ഷോയിലാണ് അഹ്‌ലം അബ്ദുല്ല ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.
തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. കൈറ്റ്, സിഡിറ്റ് എന്നിവയുടെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പാണ് റിയാലിറ്റി ഷോ സംഘടിപ്പിച്ചത്.
മികച്ച പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍, കോവിഡ് കാലത്ത് നടത്തിയ ജി സ്വീറ്റ് പഠന മാതൃക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ചെങ്ങോട് മല സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്ന ടാലന്റ് ലാബ്, ജൂനിയര്‍ സിവില്‍ സര്‍വ്വീസ് അക്കാദമി, സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഐ.ടി. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പഠനം, വിദ്യാര്‍ത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കിയ ചങ്ക് പദ്ധതി, കായിക ക്ഷമത ഉറപ്പു വരുത്തുന്ന പുലര്‍കാലം പദ്ധതി, കോഹ ഡിജിറ്റല്‍ ലൈബ്രറി തുടങ്ങി സ്‌കൂളിന് ലഭിച്ച നിരവധി അംഗീകാരങ്ങള്‍ പരിഗണിച്ചാണ് സ്‌കൂളിനെ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് നടന്ന ഫ്‌ലോര്‍ ഷൂട്ടിലുടെയും വിവിധ ഘട്ടങ്ങളിലായ് സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ചുമാണ് ജൂറി അംഗങ്ങള്‍ സ്‌കൂളിന്റെ മികവുകള്‍ വിധി നിര്‍ണ്ണയം നടത്തിയത്. ല്ലോര്‍ ഷൂട്ടിലെ മികച്ച പ്രകടനത്തിലൂടെ 91 സ്‌കോര്‍ നേടിയാണ് സ്‌കൂള്‍ ഫൈനല്‍ റൗണ്ടില്‍ കടന്നത്. കോഴിക്കോട് ജില്ലയില്‍ നിന്ന് നൊച്ചാട് സ്‌കൂള്‍ മാത്രമാണ് ഫൈനല്‍ റൗണ്ടിലെത്തിയത്.