പയ്യോളിയിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഹാൻസ് വിൽപ്പന; വയോധികൻ പിടിയിൽ


പയ്യോളി: പയ്യോളിയിൽ നിരോധിത പുകയില ഉല്പന്നങ്ങളുമായി വയോധികൻ പിടിയിൽ. പയ്യോളി പുതിയോട്ടിൽ മജീദ് (64) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുകൊണ്ട് വീട് കേന്ദ്രീകരിച്ച് ഇയാൾ ഹാൻസ് വിൽപ്പന നടത്തുകയായിരുന്നു. വിദ്യാർഥികൾ ഇവിടെയെത്തി ലഹരി ഉല്പന്നങ്ങൾ വാങ്ങുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

പയ്യോളി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ ഹാൻസ് വിൽപ്പന നടത്തിയിരുന്നത്. പയ്യോളി രണ്ടാം ഗേറ്റിന് സമീപത്തെ ബാറിന് പിൻവശത്തുള്ള വീട്ടിൽ വെച്ചാണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസുമായി പോലീസ് പിടികൂടിയത്. പ്രതിയ്ക്കെതിരെ സിഗരറ്റ് ആന്റ് അതർ ടുബാക്കോ പ്രോഡക്ട് ആക്ട് പ്രകാരം കേസെടുത്തു. പയ്യോളി എസ്.െഎ സജീഷ്, എസ്.ഐ ജയദാസൻ, ഡബ്ല്യു.സി.പി.ഒ അശ്വതി എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.