മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍


തലമുടി കൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുക. താരനും അതുമൂലം ഉണ്ടാകുന്ന തലമുടി കൊഴിച്ചിലും ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ്. താരന്‍ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ഉണ്ടാകാം.

പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. താരന്‍ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം പടരുകയും ചെയ്യും. തോര്‍ത്തും ചീപ്പും മാറി ഉപയോഗിക്കുന്നതാണ് താരന്‍ പകരാനുള്ള പ്രധാന കാരണം.

കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയില്‍ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാന്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ശിരോചര്‍മ സംരക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തിയാലും ഒരുപരിധിവരെ താരനെ പ്രതിരോധിക്കാന്‍ സാധിക്കും.

താരനകറ്റാന്‍ സഹായിക്കുന്ന ചില ഹെയര്‍ മാസ്‌കുകള്‍ ഇവയാണ്

കുറച്ച് വേപ്പില മിക്സിയിലിട്ട് അടിക്കുക. ശേഷം ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ശേഷം തലയില്‍ ഈ മാസ്‌ക് പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകി കളയാം.

തൈര് അല്‍പ്പം ഉപ്പും ചേര്‍ത്ത് തലയില്‍ പുരട്ടുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. ഇടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ നാരങ്ങാനീരുമായി കൂട്ടിക്കലര്‍ത്തി തലയില്‍ പുരട്ടാം. പതിനഞ്ച് മിനിറ്റു ശേഷം കഴുകിക്കളയാം.

ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും

രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ അത്രയും അളവില്‍ തന്നെ ചെറുനാരങ്ങാ നീര് ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ശിരോചര്‍മ്മത്തില്‍ പുരട്ടാം. 20 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാം.

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തൈരും കൂടി ചേര്‍ത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.