വേളത്ത് എച്ച്1 എന്‍1: ജാഗ്രത വേണം; രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്തെല്ലാമെന്ന് അറിയാം


പേരാമ്പ്ര: വേളത്ത് എച്ച്1 എന്‍1 റിപ്പോര്‍ട്ട്‌ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം. വേളം പെരുവയലില്‍ ആറുമാസം പ്രായമായ ആണ്‍കുഞ്ഞിനും അയല്‍വാസിയായ ഒമ്പതുകാരനുമാണ് പന്നിപ്പനി എന്നറിയപ്പെടുന്ന രോഗം കണ്ടെത്തിയത്. ആദ്യം കുഞ്ഞിനാണ് രോഗം ബാധിച്ചത്.

സാധാരണയായി പന്നികളിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്. പന്നികളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ പടരുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്കും അസുഖം പകരും.

രോഗലക്ഷണങ്ങള്‍

സാധാരണ ഒരു വൈറല്‍ പനിപോലെയാണ് ലക്ഷണങ്ങള്‍. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്.

1. പനിയും ശരീരവേദനയും

2. തൊണ്ടവേദന, തലവേദന

3. കഫമില്ലാത്ത വരണ്ട ചുമ

4. ക്ഷീണവും വിറയലും

5. ചിലപ്പോള്‍ ഛര്‍ദിയും വയറിളക്കവും

സങ്കീര്‍ണതകള്‍

ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക

രോഗം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങള്‍

ശ്വാസതടസ്സം, ശ്വാസം നിന്നുപോകുക, ശരീരം നീലിക്കുക, ഓര്‍മക്കുറവ്, അപസ്മാരം, സ്വഭാവവ്യതിയാനങ്ങള്‍

മരുന്നുകള്‍

വൈറസിനെ നശിപ്പിക്കുന്ന ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ രോഗപ്രതിരോധത്തിനും ഈ മരുന്ന് നല്‍കാറുണ്ട്. ചികിത്സയ്ക്കായി അഞ്ചുദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നല്‍കുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരംമാത്രം ഉപയോഗിക്കുക.

പ്രതിരോധം എങ്ങനെ?

വീടുകളില്‍

  • രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം വൈദ്യസഹായം തേടണം.
  • രോഗലക്ഷണങ്ങള്‍ കുറയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരണം. യാത്രകളുംമറ്റും ഒഴിവാക്കുക.
  • വീട്ടിലുള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കം കഴിവതും കുറയ്ക്കുക
  • കൈകള്‍ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഓരോ തവണയും കൈകഴുകാന്‍ മറക്കരുത്.
  • രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും രോഗം ബാധിച്ചവരെ സന്ദര്‍ശിക്കുന്നതും പറ്റുമെങ്കില്‍ ഒഴിവാക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും കവര്‍ചെയ്യുക. രോഗാണുക്കള്‍ പകരാതിരിക്കാന്‍ ഇത് സഹായിക്കും.
  • രോഗി ഉപയോഗിക്കുന്ന വസ്തുക്കളും തുണികളുംമറ്റും ശരിയായി മറവുചെയ്യുക.
  • ആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക
  • ഗുരുതരമായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ രോഗിയില്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക
  • അപകടസാധ്യത കൂടുതലുള്ള ആളുകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുക.

സ്‌കൂളുകളില്‍

  • രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായാല്‍ സ്‌കൂള്‍ അസംബ്ലി അത്യാവശ്യമുള്ളപ്പോള്‍മാത്രം നടത്തുക
  • കുട്ടികളില്‍ രോഗലക്ഷണങ്ങളുണ്ടോ എന്ന് അധ്യാപകര്‍ ശ്രദ്ധിക്കണം
  • അധ്യാപകര്‍ക്കോ മറ്റുജീവനക്കര്‍ക്കോ അസുഖം വന്നാല്‍ വീട്ടില്‍ത്തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ സ്‌കൂളുകളില്‍ പോകരുത്
  • കുട്ടികള്‍ കൈ വൃത്തിയായി കഴുകുന്നത് ശീലമാക്കണം
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും കവര്‍ ചെയ്യാന്‍ പഠിപ്പിക്കണം
  • സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ല
  • രോഗംമൂലം ക്ലാസില്‍ വരാത്തവര്‍ ലീവ് ലെറ്റര്‍ കൊടുക്കേണ്ടതില്ല
  • ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കണം. കുട്ടികള്‍ക്ക് വായിക്കാന്‍ ചെറിയ ലീഫ് ലെറ്റുകള്‍ കൊടുക്കണം

വേളത്ത് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് എച്ച്1 എന്‍1

ആര്‍ക്കൊക്കെയാണ് പ്രതിരോധമരുന്ന് നല്‍കുന്നത്?

കുടുംബത്തിലോ സ്‌കൂളുകളിലോ സമൂഹത്തിലോവെച്ച് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഉണ്ടാകുന്നവര്‍ക്കും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്കുംമാത്രമേ പ്രതിരോധമരുന്ന് നല്‍കുകയുള്ളൂ.