ഉള്ള്യേരി ആനവാതിലില്‍ പനിബാധിച്ച് മരിച്ച പന്ത്രണ്ടു വയസുകാരിക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചിരുന്നതായി റിപ്പോര്‍ട്ട്


കൊയിലാണ്ടി: ഉള്ള്യേരി പഞ്ചായത്തിലെ ആനവാതിലില്‍ പനിപിടിച്ചു മരിച്ച ഋതുനന്ദക്ക് എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ലെങ്കിലും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ഐ.ഡി.എസ്.പി നിന്നും എച്ച് വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ച് ഉള്ള്യേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പഞ്ചായത്ത് ഓഫീസിലും വിവരം നല്‍കിയിട്ടുണ്ട്.

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചതായി സംശയമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിനകം തന്നെ പ്രദേശത്ത് പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി എച്ച്.ഐ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പ്രദേശത്ത് ഫീവര്‍ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവരുടെ സ്രവ പരിശോധനയ്ക്കുളള നടപടികളുമെടുത്തിട്ടുണ്ട്. ഋതുനന്ദയുടെ ഇരട്ട സഹോദരി നിലവില്‍ പനി ബാധിച്ച് ചികിത്സയിലാണ്. കുട്ടി സുഖംപ്രാപിച്ചു വരികയാണ്. മറ്റുബന്ധുക്കള്‍ക്കൊന്നും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് എച്ച് വണ്‍ എന്‍ വണ്‍?

ഇന്‍ഫ്‌ളുവന്‍സാ വിഭാഗത്തില്‍പ്പെട്ട രോഗമാണിത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കെത്തിയ ഈ രോഗം സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവരിലേക്ക് പകരും. സാധാരണ ഗതിയില്‍ വലിയ അപകടകാരിയല്ലെങ്കിലും ചിലരില്‍ ഗുരുതരമായി തീരുകയും മരണത്തിന് കാരണമാകുകയും ചെയ്യും.

ലക്ഷണങ്ങള്‍:

സാധാരണ വൈറല്‍ പനിയുടേതിന് സമാനമാണ് ലക്ഷണങ്ങള്‍. ശ്വസിക്കുന്ന വായുവിലൂടെ അകത്തു കടക്കുന്ന വൈറസ് ശ്വസന വ്യവസ്ഥയെയാണ് ബാധിക്കുന്നത്.

പനിയും ശരീരവേദനയും, തൊണ്ടവേദന, തലവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണവും വിറയലും, ചിലപ്പോള്‍ ഛര്‍ദിയും വയറിളക്കവു, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

സങ്കീര്‍ണതകള്‍: ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള രോഗം ഗുരുതരമാക്കല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

രോഗം ഗുരുതരമായാല്‍ ശ്വാസതടസ്സം, ശ്വാസം നിന്നുപോകല്‍, ശരീരം നീലിക്കുക, ഓര്‍മക്കുറവ്, അപസ്മാരം, സ്വഭാവ വ്യതിയാനങ്ങള്‍ എന്നിവയുണ്ടാകാം.

രോഗങ്ങളുള്ളവര്‍ എത്രയും വേഗം വൈദ്യ സഹായം തേടണം. രോഗം ഭേദമാകുന്നതുവരെ വീടുകളില്‍ തുടരുക. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. വീട്ടിലുള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കം കഴിവതും കുറക്കുക. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഓരോ തവണയും കൈ കഴുകാന്‍ മറക്കരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖവും വായയും കവര്‍ ചെയ്യുക. ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.