വേളത്ത് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് എച്ച്1 എന്‍1
കുറ്റ്യാടി: വേളം പെരുവയലില്‍ രണ്ടു പേര്‍ക്ക് എച്ച് 1 എന്‍1 സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതയില്‍. ആറുമാസം പ്രായമായ ആണ്‍കുഞ്ഞിനും അയല്‍വാസിയായ ഒമ്പതുകാരനുമാണ് പന്നിപ്പനി എന്നറിയപ്പെടുന്ന രോഗം കണ്ടെത്തിയത്. ആദ്യം കുഞ്ഞിനാണ് രോഗം ബാധിച്ചത്.
കടുത്ത പനിയും അപസ്മാരവുമായി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദന്റെ അരികിലെത്തിയ കുട്ടിയെ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ഒരു ദിവസം തന്നെ നാലു തവണ അപസ്മാര ബാധയുണ്ടായി. കഴിഞ്ഞ മാസം 12ന് പ്രവേശിപ്പിച്ച കുട്ടി ഒരാഴ്ച അവിടെ കിടന്നു.
അന്ന് ശേഖരിച്ച രക്തപരിശോധനയുടെ റിസള്‍ട്ട് കഴിഞ്ഞദിവസം വന്നപ്പോഴാണ് രോഗം എച്ച്1 എന്‍1 ആണെന്ന് അറിയുന്നത്. ഇതോടെ കുട്ടിയുമായി സമ്പര്‍ക്കം ഉള്ള 16 പേരെ കണ്ടെത്തി ശ്രവമെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി റഷീദ് പറഞ്ഞു.
ഈ പരിശോധനയിലാണ് അയല്‍വാസിക്ക് രോഗം കണ്ടെത്തിയത്. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ രോഗം ബാധിച്ചിട്ടില്ല. ശ്രവത്തിലൂടെയാണ് രോഗം പകരുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിക്ക് എവിടുന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ചികിത്സാവശ്യാര്‍ത്ഥം രണ്ടാഴ്ചമുമ്പ് കുറ്റ്യാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പോയിരുന്നു.
അയല്‍വാസിക്ക് കൂടി ബാധിച്ചതോടെ പ്രദേശത്തെ നൂറോളം പേരെ സര്‍വേയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.