ഇത് തിളക്കമേറിയ ചരിത്ര നേട്ടം; സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍


മേപ്പയ്യൂര്‍: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് എന്ന നേട്ടവുമായി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍. സ്‌കൂളിലെ 129 കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.

ആകെ 745 കുട്ടികളാണ് ഈ വര്‍ഷം മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇവരില്‍ 743 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 129 ഫുള്‍ എ പ്ലസുകാര്‍ക്ക് പുറമെ ഒമ്പത് എ പ്ലസ് നേടിയ 60 കുട്ടികളും ഇക്കൂട്ടത്തിലുണ്ട്.

എസ്.എസ്.എല്‍.സി വിജയികളെ സ്‌കൂള്‍ പി.ടി.എയും നാട്ടുകാരും അനുമോദിച്ചിരുന്നു. കൂടാതെ വിജയാഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ടൗണില്‍ വിദ്യാര്‍ത്ഥികള്‍ റാലിയും നടത്തിയിരുന്നു.

ചിട്ടയായ പഠന പദ്ധതികളാണ് മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മികച്ച വിജയത്തിന് പിന്നിലെ രഹസ്യം. തുടര്‍ച്ചയായുള്ള കൗണ്‍സിലിങ്, മോട്ടിവേഷന്‍ ക്ലാസുകള്‍, യൂണിറ്റ് പരീക്ഷകള്‍, മാതൃകാ പരീക്ഷകള്‍, വിദഗ്ധ അധ്യാപകര്‍ അതിഥികളായെത്തുന്ന പ്രത്യേക ക്ലാസുകള്‍, പഠന ക്യാമ്പുകള്‍ എന്നിവയെല്ലാം സ്‌കൂളില്‍ നടക്കുന്നു. കൂടാതെ തദ്ദേശ സര്‍ക്കാറുകളുടെയും പി.ടി.എയുടെയും മികച്ച പിന്തുണ കൂടിയായപ്പോള്‍ തിളക്കമേറിയ വിജയം സ്‌കൂള്‍ കൈപ്പിടിയിലൊതുക്കി.

ഏറ്റവും കൂടുതല്‍ എ പ്ലസ് നേട്ടമുള്ള സംസ്ഥാനത്തെ രണ്ടാമത്തെ സ്‌കൂള്‍ ജി.വി.എച്ച്.എസ് കടയ്ക്കലാണ്. ജി.വി.എച്ച്.എസ്.എസ് അഞ്ചല്‍ വെസ്റ്റ്, ജി.എം.എം.ജി.എച്ച്.എസ്.എസ് പാലക്കാട്, ജി.വി.എച്ച്.എസ്.എസ് നടുവണ്ണൂര്‍ എന്നീ സ്‌കൂളുകള്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്.