തട്ടുകടയില്‍ നിന്നും ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്കുപോയ യുവാവിനെ ആക്രമിച്ച് ഗുണ്ടാസംഘം ബീഫ് ഫ്രൈ തട്ടിയെടുത്തു; പ്രതികള്‍ പിടിയില്‍
ഹരിപ്പാട്: തട്ടുകടയില്‍ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു (26) നാണ് മര്‍ദനമേറ്റത്.
ദേശീയപാതയില്‍ മറുതാമുക്കിനു സമീപമുള്ള തട്ടുകടയില്‍ നിന്നു ബീഫ് ഫ്രൈ വാങ്ങി പോയ വിഷ്ണുവിനെ കാര്‍ത്തികപ്പള്ളി വിഷ്ണു ഭവനത്തില്‍ വിഷ്ണു (കുളിരു വിഷ്ണു 29), പിലാപ്പുഴ വലിയ തെക്കതില്‍ ആദര്‍ശ് (30) എന്നിവര്‍ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടു.
പണമില്ലെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബൈക്കിലിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് പരാതി. തുടര്‍ന്ന് ഇവര്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിഷ്ണു എതിര്‍ത്തെന്നും തുടര്‍ന്നായിരുന്നു ആക്രമണമെന്നും പരാതിയില്‍ ആരോപിക്കുന്നു.
വിഷ്ണു ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവര്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.