വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികൾക്കുനേരെ തോക്ക് ചൂണ്ടിയ സംഭവം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ


വടകര: സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ അഖിലേഷ് കൂട്ടങ്ങാരം. രണ്ട് തോക്കുകള്‍ ചൂണ്ടിയാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പി ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതെന്നും കസ്റ്റഡിയിലെടുത്ത നിഹാദിനെ വിട്ടയച്ചത് ശരിയായില്ലെന്നും അഖിലേഷ് മാധ്യമങ്ങളോട്‌ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വടകര-കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു മുഹമ്മദ് നിഹാദും കൂട്ടുകാരും. ബസ് ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ച് ബസിന് പിന്നാലെ നിഹാദ് വടകര ബസ് സ്റ്റാൻഡിൽ എത്തി. തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു.

ഇതിനിടെ കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ നിഹാദിനെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ബസ് തൊഴിലാളികൾക്ക് പരാതി ഇല്ലാത്തതിനെ തുടർന്ന് അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽ വെച്ചശേഷം മുഹമ്മദ് നിഹാദിനെയും സുഹൃത്തുക്കളെയും പോലീസ് വിട്ടയച്ചു.

Description: Gun-pointing incident in Vadakara; Bus owner says he will file a complaint against Thoppi