മിഠായിക്കടലാസുകള്‍ കൊണ്ട് സ്വര്‍ണ്ണ മത്സ്യം തീര്‍ത്ത പയ്യോളി സ്വദേശി ഡോ. സുധീഷിന് ഗിന്നസ് റെക്കോര്‍ഡിന്റെ മധുരം
പയ്യോളി: മിഠായിക്കടലാസുകള്‍ കൊണ്ട് സ്വര്‍ണ്ണമത്സ്യത്തിന്റെ ചിത്രം സൃഷ്ടിച്ച പയ്യോളി സ്വദേശി ഡോ. സുധീഷിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ആറായിരം മിഠായിക്കടലാസുകള്‍ ഉപയോഗിച്ചാണ് സുധീഷ് അക്വേറിയത്തിലെ സ്വര്‍ണ്ണമത്സ്യത്തിന്റെ മൊസൈക് ചിത്രം തീര്‍ത്തത്. 15.75 ചതുരശ്ര മീറ്ററില്‍ വെറും 10 മണിക്കൂര്‍ 17 മിനുറ്റ് സമയം മാത്രമെടുത്താണ് അദ്ദേഹം ചിത്രം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ജൂലൈ 28 ന് വൈകീട്ട് 03:17 നാണ് സുധീഷിന്റെ റെക്കോര്‍ഡ് പ്രകടനം നടന്നത്. പുലര്‍ച്ചെ 01:34 നാണ് ചിത്ര നിര്‍മ്മാണം അവസാനിച്ചത്. പേരാമ്പ്ര റോഡില്‍ നെല്യേരി മാണിക്കോത്ത് വച്ചായിരുന്നു പരിപാടി. കാണാനെത്തിയവര്‍ക്കെല്ലാമായി 6000 മിഠായികള്‍ വിതരണം ചെയ്ത ശേഷം അവരില്‍ നിന്ന് കവറുകള്‍ തിരികെ വാങ്ങി അവ ഉപയോഗിച്ചാണ് ചിത്രം നിര്‍മ്മിച്ചത്.
നേരത്തേ ലോകത്തിലെ ഏറ്റവും വലിയ മൊസൈക് ചിത്രം നിര്‍മിച്ചത് ജപ്പാന്‍കാരനായ മോസ്ബര്‍ജര്‍ കിയോക്കെയ് ആണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ആണ് സുധീഷ് ഭേദിച്ചത്. ജപ്പാന്‍കാരന്‍ ഈ സമയം കൊണ്ട് തീര്‍ത്തത് 14.82 ചതുരശ്ര മീറ്റര്‍ ചിത്രം ആയിരുന്നു.
ഇതുമായി ബന്ധപ്പെട്ട 600 രേഖകള്‍ ലണ്ടനിലെ ഗിന്നസ് അധികൃതര്‍ക്ക് ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചാണ് പ്രഖ്യാപനം ഉണ്ടായത്. സുധീഷ് ന്യൂമാഹി എം.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനാണ്. ചൊക്ലി ആര്‍വിഎച്ച്എസ് സ്‌കൂളിലെ എസ്.ശ്രീജിഷയാണ് ഭാര്യ. ഋതുനന്ദ്, തേജ്വല്‍ എന്നിവര്‍ മക്കളാണ്.