‘ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി പിൻവലിക്കണം’; വടകരയിൽ ഷാഫി പറമ്പിൽ എം.പിക്ക് മെമ്മോറാണ്ടം സമർപ്പിച്ച് എംപ്ലോയീസ് അസോസിയേഷൻ


വടകര: ലൈഫ് ഇൻഷൂറൻസ് പ്രീമിയത്തിന്മേലും, ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്മേലും ഉള്ള ജി.എസ്.ടി കേന്ദ്ര സർക്കാർ പിൻവലിക്കണം എന്ന ആവശ്യവുമായി വടകര എം.പി ഷാഫി പറമ്പിലിന് മെമ്മോറാണ്ടം സമർപ്പിച്ചു. ആൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ കോഴിക്കോട് ഡിവിഷണൽ ഘടകമാണ് വടകര എം.പിക്ക് മെമ്മറാണ്ടം സമർപ്പിച്ചത്.

എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ വടകര യൂണിറ്റ് പ്രസിഡന്റ് പി.ശശിധരൻ, സെക്രട്ടറി എൻ.ഗിരീഷ് ബാബു, ജനറൽ കൗൺസിൽ അംഗം കെ.പി.ഷൈനു എന്നീ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിലാണ് വടകര എം.പിക്ക് മെമ്മോറാണ്ടം സമർപ്പിച്ചത്.

ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിന് ഇപ്പോൾ 18% ആണ് ജി.എസ്.ടി നിരക്ക്. ഒരു പുരോഗമന സമൂഹത്തിൽ സാമൂഹ്യ സുരക്ഷിതത്വം ഏർപ്പെടുത്തുക എന്നത് സർക്കാരിന്റെ ചുമതലയാണ്. യൂണിയൻ സർക്കാർ ആ ചുമതല നിറവേറ്റുന്നില്ലെന്ന് മാത്രമല്ല ജനങ്ങൾ ലൈഫ്/ആരോഗ്യ ഇൻഷുറൻസ് പോളിസികളിലൂടെ പരിരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ ജി.എസ്.ടി ചുമത്തിക്കൊണ്ട് സർക്കാർ ജനങ്ങളുടെ മേൽ വർദ്ധിച്ച ഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.

ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ജി.എസ്.ടി ചുമത്തുന്നത് ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങൾക്ക് നികുതി ചുമത്തുന്നതിന് തുല്യമാണ്. ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ, പ്രത്യേകിച്ച് ആരോഗ്യ / ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജി.എസ്‌.ടി യുക്തിസഹമാക്കേണ്ടതിൻ്റെ ആവശ്യകത മുൻ ധനകാര്യ സഹമന്ത്രി ജയന്ത് സിൻഹ അധ്യക്ഷനായ പതിനേഴാം ലോക്സഭയുടെ ധനകാര്യ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്നത് മെമ്മോറാണ്ടത്തിൽ എടുത്തുപറയുന്നു.

ലൈഫ് ഇൻഷുറൻസ് പ്രീമിയം ഉൾപ്പെടെ ഗാർഹിക ചെറുകിട സമ്പാദ്യങ്ങൾക്ക് ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80(സി) പ്രകാരം ലഭ്യമായിരുന്ന വരുമാന നികുതി ഇളവും ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80(ഡി) പ്രകാരം അനുവദിച്ചിരുന്ന കിഴിവും പുതിയ നികുതി വ്യവസ്ഥയിൽ നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ വർദ്ധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്ത് ഈ ഇളവുകൾ പുനസ്ഥാപിക്കണം. അസോസിയേഷൻ മെമ്മോറാണ്ടത്തിലൂടെ യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ദ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്നീ നാല് പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളെയും ലയിപ്പിച്ച് ഏകശിലാ കോർപ്പറേഷൻ ആക്കണമെന്നും മെമ്മോറാണ്ടത്തിലൂടെ അസോസിയേഷൻ ആവശ്യപ്പെട്ടു.