മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതിരിക്കാം; വടകര നഗരസഭയിൽ ഹരിത ടൗൺ പ്രഖ്യാപനം


വടകര: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ കോട്ടപ്പറമ്പ് മുതൽ പഴയ സ്റ്റാൻഡ് ടൗൺ ഭാഗവും , എടോടി മുതൽ പുതിയ സ്റ്റാൻഡ് വരെയുള്ള ടൗൺ ഭാഗവുമാണ് ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു. നഗരസഭാ സാംസ്കാരിക ചത്വരത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഹരിത ടൗണുകളുടെ പ്രഖ്യാപനം നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് അജൈവ മാലിന്യ നിക്ഷേപത്തിനുള്ള ബിന്നുകളും ഹരിത നിർദ്ദേശക ബോർഡുകളും ടൗണുകളുടെ വിവിധ ഭാഗങ്ങളായി സ്ഥാപിച്ചിട്ടുണ്ട്. പഴയ സ്റ്റാൻഡ് മുതൽ പുതിയ സ്റ്റാൻഡ് വഴി വരെയുള്ള റോഡിന് ഇരുവശങ്ങളിലും കൈവരികൾ കെട്ടി പൂച്ചെടികൾ വച്ച് നേരത്തെ തന്നെ മനോഹരമാക്കിയിട്ടുണ്ട്. നഗരസഭയിലെ പ്രധാന ടൗണുകളായ പഴയ സ്റ്റാൻഡ്, പുതിയ സ്റ്റാൻഡ്, ടൗൺ ഭാഗങ്ങളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുക, വഴിയാത്രക്കാർ ബിന്നുകളിൽ നിക്ഷേപിച്ച അജൈവമാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ പുനഃ ചക്രമണത്തിനായി നീക്കം ചെയ്യുക, രണ്ട് ടൗണുകളിലും സ്ഥാപിച്ച തുമ്പൂർമുഴി യൂണിറ്റ് വഴി ജൈവമാലിന്യത്തിനുള്ള സംസ്കരണ സംവിധാനം കാര്യക്ഷമമാക്കുക എന്നിവ ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു. നഗരസഭയിലെ മറ്റ് ടൗണുകളിലും അജൈവമാലിന്യ ശേഖരണത്തിനുള്ള ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റുള്ള സംവിധാനങ്ങളും കൂടി ഒരുക്കി നഗരസഭയിലെ ചെറുതും വലുതുമായ എല്ലാ ടൗണുകളും മാലിന്യ മുക്തം ജനകീയ ക്യാമ്പിന്റെ ഭാഗമായി മാർച്ച് മാസത്തിനകം ഹരിത ടൗണുകൾ ആയി പ്രഖ്യാപിക്കും.

ചടങ്ങിൽ വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ പിടി പ്രസാദ് മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം ബിജു, സിന്ധു പ്രേമൻ , പി സജീവ് കുമാർ, രാജിതാ പതേരി, നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ് എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത സ്വാഗതവും മാനേജർ കെ പി രമേശൻ നന്ദിയും പറഞ്ഞു.

വാർഡ് തലത്തിൽ ഏറ്റവും കൂടുതൽ യൂസർ ഫീ കലക്ഷൻ നേടിയ വാർഡുകൾക്കുള്ള അവാർഡ് വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. വാർഡ് 3 കുളങ്ങരത്ത്, വാർഡ് 29 കൊക്കഞ്ഞാത്ത്, വാർഡ് 12 ചെറുശ്ശേരി എന്നീ വാർഡുകൾ അവാർഡ് ഏറ്റുവാങ്ങി. കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ,ഉദ്യോഗസ്ഥർ, ഗ്രീൻവാർഡ് ലീഡർമാർ, ഹരിത കേരളം മിഷൻ പ്രതിനിധികൾ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Summary: Green Town announcement in Vadakara Municipality