‘ഹരിതഭവനം പദ്ധതി’; കുന്നുമ്മൽ ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കായി ശില്പശാല
കുറ്റ്യാടി: ജില്ലാ വിദ്യാഭ്യാസവകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെൻറിന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘ഹരിതഭവനം’ പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കായി ശില്പശാല നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ചന്ദ്രി ശില്പശാല ഉദ്ഘാടനം ചെയ്‌തു.
വട്ടോളി ബിആർസി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നവകേരളത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യസംസ്കരണം, ഊർജസംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ സ്വയംപര്യാപ്തമായ യൂണിറ്റുകളാക്കി വീടുകളെ മാറ്റുന്ന പദ്ധതിയാണ് ഹരിതഭവനം.
പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. പറമ്പത്ത് ബാബു ക്ലാസെടുത്തു. കുന്നുമ്മൽ ബി.പി.സി. എം.ടി. പവിത്രൻ, ഫൗണ്ടേഷൻ സെക്രട്ടറി ഇസെഡ്.എ. സൽമാൻ, ബിജോയ് പി. മാത്യു, പി.പി. ദിനേശൻ, കെ.പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
കുന്നുമ്മൽ ഉപജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ബിജോയ് മാത്യു, കെ.പി സുരേഷ് എന്നിവർ കോഡിനേറ്റർമാരും ഉപജില്ലയിലെ 8 ഗ്രാമപഞ്ചായത്ത് പരിധിയിലെയും ഓരോ അധ്യാപകർ അംഗങ്ങളും ആയി സമിതി രൂപീകരിച്ചു. ജില്ലയിലെ മുഴുവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വീടുകൾ ഹരിതഭവനങ്ങളും വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റുകയാണ് ചെയ്യുക.
പദ്ധതിയുടെ നടത്തിപ്പിനായി ഹൈസ്കൂൾ അധ്യാപകർക്കുള്ള ശില്പശാലകൾ കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയിരുന്നു. 6 ഉപജില്ലകളിലെ പ്രൈമറി അധ്യാപകർക്കുള്ള ശില്പശാലയും പൂർത്തിയാക്കിയിട്ടുണ്ട്. ശില്പശാലകളിൽ നൽകിയ നിർദ്ദേശപ്രകാരം 2500ലേറെ ഹരിതഭവനങ്ങൾ സൃഷ്ടിക്കപ്പെട്ടു. ആയിരം ഹരിത ഭവനങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞദിവസം കോഴിക്കോട് സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാ കലക്ടർ നിർവഹിച്ചിരുന്നു.
Description: Green House Project; Workshop for Primary Teachers in Kunnummal Upajilla