ചോറോട് ഈസ്റ്റ് പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ദുരിതത്തിന് ഒടുവില്‍ പരിഹാരമാവുന്നു; തോട് നിര്‍മ്മാണത്തിന് 36 ലക്ഷം അനുവദിച്ച് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി
വടകര: പതിനഞ്ച് വര്‍ഷത്തിലധികമായി ചോറോട് ഈസ്റ്റ് നിവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് ഒടുവില്‍ പരിഹാരമാവുന്നു. പ്രദേശത്ത് തോട് നിര്‍മ്മാണത്തിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി 36ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴക്കാലമായാല്‍ ചോറോട് ഈസ്റ്റിലെ പ്രദേശവാസികള്‍ ഭയത്തോടെയായിരുന്നു ജിവിച്ചിരുന്നത്. കൃത്യമായ തോട് ഇല്ലാത്തതിനാല്‍ പലപ്പോഴും പ്രദേശങ്ങളില്‍ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തിരുന്നു.
വിലങ്ങിൽ താഴ, പുതിയോട്ടിൽ താഴ, കേളോത്ത് താഴ, കണ്ണ്യാറത്ത് താഴ, ചാത്തോത്ത് താഴ, കുളങ്ങരത്ത് താഴ എന്നീ പ്രദേശങ്ങളിലെ അമ്പതിൽപരം വീടുകളാണ് വെളളപ്പൊക്ക ഭീഷണിയില്‍ ജീവിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി പ്രദേശത്തെ വീടുകളിലും മറ്റും വെള്ളം കയറിയിരുന്നു. ഇതെ തുടര്‍ന്ന് നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് നിന്നും മാറി താമസിച്ചത്.
മാത്രമല്ല പ്രായമായവരെയും അസുഖബാധിതരെയും കസേരകളിൽ ഇരുത്തിയാണ് അരയ്ക്കുമേൽ വെള്ളത്തിലൂടെ സന്നദ്ധ പ്രവർത്തകർ സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചത്. നിരവധി വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ കഴിയാതെ തള്ളിനീക്കി മറ്റു വീടുകളിലേക്ക് മാറ്റുകയായിരുന്നു. വീടിനുള്ളിലെ സാധനങ്ങളും ഫര്‍ണ്ണിച്ചറുകളും ഉയര്‍ത്തി വെക്കുകയും ചെയ്തിരുന്നു.
മഴക്കാലത്ത് മാത്രമല്ല കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ ഭാഗമായ അഴിയൂർ ബ്രാഞ്ച് കനാലിൽ വെള്ളം തുറന്നു വിടുമ്പോഴും പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയാണ്. ചോറോട് ഈസ്റ്റിൽ നിന്നും മാപ്ലക്കണ്ടിതാഴ വരെ ഏകദേശം ഇരുന്നുറ് മീറ്റർ നീളത്തിൽ രണ്ട് മീറ്റർ വീതിയിൽ തോട് നിർമ്മിച്ചാൽ വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമാവുമെന്നാണ് കരുതുന്നത്. പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ ഭരണസമിതിയിൽ ആവശ്യപ്പെടുകയും പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ പ്രദേശവാസികളുടെ ദുരിതം നേരിട്ട് കണ്ട് ബോധ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഭരണ സമിതി 36,20,000 രൂപതോട് നിർമ്മാണത്തിനായ് അനുവദിക്കുകയായിരുന്നു. എത്രയും പെട്ടന്ന് സ്ഥലം അനുവദിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയാൽ ഈ സാമ്പത്തിക വർഷം തന്നെ പണി പൂർത്തിയാക്കാൻ കഴിയുന്നതാണ്.