മതനിരപേക്ഷതയുടെ മാതൃകകളായ കേരളത്തിലെ സർവകലാശാലകളിൽ വർഗ്ഗീയത ഒളിച്ചുകടത്താനുള്ള ഗവർണ്ണറുടെ നീക്കം ചെറുക്കും; എസ്.എഫ്.ഐ ജില്ലാ സമ്മേളനം അഴിയൂരിൽ ഇന്ന് സമാപിക്കും


അഴിയൂർ: രക്തസാക്ഷി പി.കെ.രമേശന്റെ സ്മരണകളിരമ്പുന്ന അഴിയൂരിൽ എസ്.എഫ്.ഐയുടെ 49ാമത് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിലെ രക്തസാക്ഷി പി.കെ.രമേശൻ നഗറിൽ ഇന്നലെ ആരംഭിച്ച പ്രതിനിധി സമ്മേളനം എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി താജുദ്ദീൻ അധ്യക്ഷത വഹിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും വർഗീയവൽക്കരിക്കാനുമുള്ള ഗവർണറുടെ നീക്കത്തെ വിദ്യാർഥി സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മതനിരപേക്ഷതയുടെ മാതൃകകളായ കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്എസുകാരെ പിൻവാതിലിലൂടെ തിരുകിക്കയറ്റാനാണ് ശ്രമം.

അധികാര പരിധിക്കപ്പുറമുള്ള വിഷയങ്ങളിലും ധാർഷ്‌ട്യത്തോടെയും ധിക്കാരത്തോടെയുമാണ് ഗവർണർ ഇടപെടുന്നത്. പുതിയ തലമുറ എന്ത് പഠിക്കണമെന്ന്‌ സംഘപരിവാർ തീരുമാനിക്കുമ്പോൾ അതിന്‌ ഒത്താശചെയ്യുന്നു. ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കാൻ മുഴുവൻ വിദ്യാർഥികളും അണിനിരക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സരോദ് ചങ്ങാടത്ത് രക്തസാക്ഷി പ്രമേയവും എസ്.നന്ദന അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി.അനുരാഗ് പ്രവർത്തന റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയംഗം ഇ.അഫ്സൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി.താജുദ്ദീൻ, ഫിദൽ റോയ്സ്, കെ.ടി.സപന്യ, ഭവ്യ, അഭിജിത് എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌.

സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ വൈഷ്ണവ് മഹേന്ദ്രൻ, ജാൻവി കെ സത്യൻ, മുൻ സംസ്ഥാന സെക്രട്ടറി ടി.പി.ബിനീഷ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി.ശ്രീധരൻ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്‌ച വൈകീട്ടോടെ സമ്മേളനം സമാപിക്കും.