എസ്‌സി, എസ്‌ടി വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് സർക്കാരിന്റെ കരുതൽ; വടകരയിലെ പ്രീമെട്രിക് ഹോസ്റ്റലിന്റെ ശിലാസ്ഥാപന ചടങ്ങില്‍ മന്ത്രി ഒ.ആർ കേളു
വടകര: പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാർ വലിയ കരുതലാണ് നൽകുന്നതെന്ന് മന്ത്രി ഒ.ആർ കേളു. പട്ടികവർഗ വികസന വകുപ്പ് വടകര പുതുപ്പണത്ത് പുതുതായി നിർമിക്കുന്ന ആൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങൾ വളരെ മുന്നേറിയിട്ടുണ്ട്. 824 കുട്ടികളാണ് നിലവിൽ ഇന്ത്യക്ക് പുറത്ത് പഠനം നടത്തുന്നത്. ഇതിൽ 54 പേർക്ക് പ്ലേസ്‌മെന്റ് ലഭിച്ചു. 25 ലക്ഷം രൂപയാണ് ഇതിനായി ഒരു കുട്ടിക്ക് സർക്കാർ നൽകുന്നത്. ഹോസ്റ്റലുകളിൽ വിദ്യാർഥികൾ കുറയുന്നത് ഗൗരവത്തിലെടുക്കണം. സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയണം. രക്ഷിതാക്കൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇതരസംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി തദ്ദേശീയവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യം കേരളത്തിൽ മെച്ചപ്പെട്ടതാണ്. നമ്മൾ അടിസ്ഥാന ജനവിഭാഗമാണെന്ന മനോഭാവം മാറ്റണം. ശക്തിയാർജിച്ച് സ്വയം മുന്നേറാൻ ശ്രമിക്കണം. ഭൂമിക്ക് വേണ്ടി സമരം നടത്തുമ്പോഴും കിട്ടിയ ഭൂമി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നില്ല. ആറളം ഫാമിൽ ഉൾപ്പെടെ ഏക്കർ കണക്കിന് ഭൂമി ഉപയോഗിക്കാതെ കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കെ.കെ രമ എംഎൽഎ അധ്യക്ഷയായി. ഷാഫി പറമ്പിൽ എംപി, എഡിഎം മുഹമ്മദ് റഫീക്ക്, പട്ടികവർഗ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.എസ് ശ്രീരേഖ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി സജീവ് കുമാർ, കൗൺസിലർമാരായ പി.കെ സിന്ധു, പി രജനി, സി.കെ കരീം, കെ.എം ഹരിദാസൻ, പട്ടികവർഗ ഉപദേശക സമിതി അംഗം പൂളയിൽ പ്രേമ, മാക്കൂൽ കേളപ്പൻ, എ.പി മോഹനൻ, സുധീഷ് വള്ളിൽ, സി രാമകൃഷ്ണൻ, വി.പി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.കെ സതീശൻ സ്വാഗതവും എ.ബി ശ്രീജാകുമാരി നന്ദിയും പറഞ്ഞു.
Description: Government's provision for higher education of SC and ST students; Minister O.R. Kelu