സർക്കാർ സേവനങ്ങൾ വീടുകളിലേക്ക് എത്തും; മേപ്പയ്യൂരില്‍ വാതില്‍പ്പടി സേവന പരിശീലന പരിപാടി


മേപ്പയ്യൂർ: സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അരികിലെത്തിക്കുന്ന വാതില്‍പ്പടി സേവന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മേപ്പയ്യൂര്‍ പഞ്ചായത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, അതിദരിദ്രര്‍ തുടങ്ങി സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനതയ്ക്കും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചുനൽകുന്ന സന്നദ്ധസേവന സംവിധാനമാണ് വാതില്‍പ്പടി സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ജീവന്‍രക്ഷാ മരുന്ന്, ആശ്രയക്കിറ്റ്, നിയമ സേവനം, ആധാര്‍ ലഭ്യമാക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും പദ്ധതിയിലൂടെ അര്‍ഹരായ പൗരന്റെ അടുത്ത് എത്തിക്കും.

വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സൺമാരായ വി.സുനില്‍, വി.പി.രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്ത് സെക്രട്ടറി എസ്.മനു, അസിസ്റ്റന്റ് സെക്രട്ടറി എ.സന്ദീപ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.