അപേക്ഷകളുടെ പുരോഗതികളെല്ലാം ഓൺലെെനായി അറിയാം; സര്‍ക്കാര്‍ ഓഫീസുകൾ ഡിജിറ്റലാകുന്നു, ഫയല്‍നീക്കം പൂര്‍ണമായും ഇ-ഓഫീസ് വഴി
കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ ഇ-ഫയലുകള്‍ മാത്രം. ഈ മാസത്തോടെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണമായി ഇ-ഓഫീസ് വഴിയാക്കാനാണ് തീരുമാനം. ഇതോടെ ഓഫീസുകളില്‍ ഇനി കടലാസുഫയലുകള്‍ ഉണ്ടാകില്ല.
സെക്രട്ടേറിയറ്റിലെ ഫയല്‍നീക്കം നേരത്തെ തന്നെ ഓണ്‍ലൈന്‍ ആക്കിയിരുന്നു. ഇതേ മാതൃകയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഉള്‍പ്പടെ ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് പ്രത്യേകം നിര്‍ദേശം നല്‍കി. ഫയല്‍ നീക്കം ഇ-ഓഫീസ് വഴിയാക്കുന്നതോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ സാധ്യമാകും.
ഫയല്‍നീക്കം ഇ-ഓഫീസ് വഴിയാക്കുന്നതിന്റെ ഭാഗമായി നവംബര്‍ അവസാനത്തോടെ കേരള സെക്രട്ടേറിയറ്റ് മാനുവലില്‍ ഭേദഗതി വരുത്തിയിരുന്നു. മറ്റ് ഓഫീസുകള്‍ക്കുള്ള ഓഫീസ് നടപടിച്ചട്ടം ഡിസംബര്‍ മൂന്നിന് ഭേദഗതി ചെയ്തു. ഇതിനുപുറമേ, കേന്ദ്ര ഐ.ടി. മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി) സജ്ജമാക്കിയ ഏറ്റവും പുതിയ ഇ-ഓഫീസ് സോഫ്റ്റ്വേര്‍ എല്ലാ ഓഫീസുകള്‍ക്കും ലഭ്യമാക്കി. ഫയല്‍നീക്കമറിയാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരമൊരുക്കി പൊതുജനപ്രശ്‌നപരിഹാരവും പൂര്‍ണമായി ഓണ്‍ലൈനാവും.
ഒരു ഫയല്‍നീക്കത്തിനു ചുരുങ്ങിയത് രണ്ടാഴ്ചയാണ് സമയം. ഇ-ഓഫീസോടെ വലിയ നടപടിക്രമങ്ങള്‍ ഇല്ലാത്ത ഫയല്‍നീക്കം അഞ്ചുമിനിറ്റില്‍ സാധ്യമാവും. ഓഫീസുകള്‍ തമ്മിലുള്ള കത്തിടപാടുകള്‍, ഉത്തരവുകള്‍, സര്‍ക്കുലര്‍, രശീതി, ഫയല്‍ തുടങ്ങിയവയൊക്കെ ഇ-ഓഫീസിലൂടെ അയക്കും.
Summary: government offices will switch to e file format from january