കന്നുകുട്ടികള്‍ക്കിനി സമൃദ്ധമായ കാലിത്തീറ്റ; നടുവണ്ണൂരില്‍ ‘ഗോവര്‍ധിനി’ പദ്ധതിയ്ക്ക് തുടക്കമായി


നടുവണ്ണൂര്‍: കന്നുകുട്ടികള്‍ക്ക് കാലിത്തീറ്റ നല്‍കി വളര്‍ത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ ഗോവര്‍ധിനി പദ്ധതി നടുവണ്ണൂര്‍ വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

ആദ്യചാക്ക് തീറ്റ അമ്മദ് കുട്ടി ഏരത്ത്കണ്ടിയുടെ കന്നുകുട്ടിക്ക് നടുവണ്ണൂര്‍ ക്ഷീരസംഘത്തില്‍ വെച്ച് നല്‍കി.

നാലുമാസം പ്രായമായ 40 സങ്കരയിനം കന്നുകുട്ടികളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. 32 മാസംവരെ ശാസ്ത്രീയതീറ്റയും ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുമെന്ന് കന്നുകുട്ടി പരിപാലന പദ്ധതിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. നീനാ തോമസ് പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് അധ്യക്ഷനായി. പി. അച്യുതന്‍, സദാനന്ദന്‍ പാറക്കല്‍, ഡോ. ബിനീഷ്, ഉമ്മര്‍കോയ, അമല്‍ജിത്ത്, ഷണ്മുഖന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.