കണ്ണൂരിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ


കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് ഒരാൾ വെടിയേറ്റ് മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ (49) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. സമീപത്തെ വോളീബോൾ കോർട്ടിൽ കളിക്കുകയായിരുന്ന ആളുകളാണ് കെട്ടിടത്തിൽ നിന്ന് വെടിയൊച്ച കേട്ടതും വിവരം മറ്റുള്ളവരെ അറിയിച്ചതും. പൊലീസ് എത്തിയപ്പോൾ കെട്ടിടത്തിന് പുറത്തായി ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. പ്രദേശത്ത് നിന്ന് നാടൻ തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ള ഒരാൾ കസ്റ്റഡിയിലായി. നിർമാണ കരാറുകാരനായ സന്തോഷ് ആണ് കസ്റ്റഡിയിലെന്നാണ് വിവരം. ഇയാൾക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസുണ്ടെന്നാണ് വിവരം. പൊലീസ് മറ്റ്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.