ഇനി കളിയാട്ട നാളുകൾ; ചോറോട് രാമത്ത് പുതിയ കാവിലെ കളിയാട്ട മഹോത്സവത്തിന് നാലിന് കൊടിയേറും


വടകര: കേരളത്തിൽ ആകെയുള്ള 113 മുച്ചിലോട്ട് കാവുകളിൽ കോഴിക്കോട് ജില്ലയിലെ ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ ചോറോട് രാമത്ത് പുതിയ കാവിലെ കളിയാട്ട മഹോത്സവം മാർച്ച് നാലു മുതൽ ഏഴു വരെ നടക്കും. നാലാം തിയതി രാത്രി ഏഴിനാണ് കൊടിയേറ്റം. അന്ന് രാവിലെ അഭിഷേകം, ഗണപതി ഹോമം, ഉഷ:പൂജ, നിവേദ്യപൂജ, കൊടുക്ക, വൈകുന്നേരം നാലിന് കലവറ നിറക്കൽ എന്നിവ നടക്കും.

കലവറ നിറക്കൽ ഘോഷയാത്രകൾ മാങ്ങോട്ട് പാറയിൽ നിന്ന് ആരംഭിച്ച് മഠത്തിൽ മുക്ക് വഴിയും മുയിപ്ര പടിഞ്ഞാറ് നിന്ന് തുടങ്ങി വൈക്കിലശ്ശേരി വഴിയും മണിയാറത്ത് മുക്കിൽ നിന്ന് ആരംഭിച്ച് വൈക്കിലശ്ശേരി തെരുവഴിയുമുള്ള മൂന്ന് ഘോഷയാത്രകൾ മലോൽ മുക്കിൽ സംഗമിച്ച് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്ന് കളിയാട്ടത്തിനാവശ്യമായ പൂജാദ്രവ്യങ്ങളും അന്നദാന സാധനങ്ങളും തിരുമുറ്റത്ത് സമർപ്പിക്കും. ഏഴ് മണിക്ക് കൊടിയേറ്റത്തിനു ശേഷം വെറ്റില കൊടുക്കൽ, തോറ്റം വരവ്, കുളിച്ചെഴുനള്ളത്ത് നൃത്തം, വെള്ളാട്ടങ്ങൾ, ഗുരുതി തുടങ്ങിയവയാണ് അന്നത്തെ ചടങ്ങുകൾ.

പിറ്റേന്ന് പുലർച്ചെ 5 മണിക്ക് തിറകൾ തുടങ്ങും. നരമ്പിൽ ഭഗവതി (പോതി) തിറ, കണ്ണങ്കാട്ട് ഭഗവതി തിറ, പുലിയൂർ കാളി തിറ, ഉച്ചക്ക് ഒരു മണിക്ക് അന്നദാനം, ഉച്ചത്തോറ്റം, കുളിച്ചെഴുന്നള്ളത്ത് നൃത്തം, ദീപാരാധന, വെള്ളാട്ടങ്ങൾ, തിറകൾ. രാത്രി 8 മണി അന്നദാനം, 10 മണിക്ക് നാടകം: ചിറക്. ആറിന് പുലർച്ചെ 5മണിക്ക് നരമ്പിൽ ഭഗവതി തിറ, കണ്ണങ്കാട്ട് ഭഗവതി തിറ, പുലിയൂർ കാളി തിറ, വിഷ്ണുമൂർത്തി തിറ, ഉച്ചക്ക് ഒരു മണി: അന്നദാനം, ഉച്ചത്തോറ്റം, കുളിച്ചെഴുന്നള്ളത്ത് നൃത്തം, വൈകുന്നേരം നാലിന് പുലിയൂർ കണ്ണൻ വെള്ളാട്ടം, ഇളനീർ വരവ്, വെള്ളാട്ടങ്ങൾ, രാത്രി 7.30: അന്നദാനം, കാരണവർ തിറ, നാഗഭഗവതി വെള്ളാട്ടം, നാഗഭഗവതി തിറ, കലാപരിപാടികൾ.

ഏഴിന് തോറ്റം വരവ്, വെള്ളാട്ടങ്ങൾ, ഗുരുതി, കല്യാണ പന്തൽ വരവ്, കൊടിയില കൊടുക്കൽ, രാവിലെ തിറകൾ, 11 മണിക്ക കനലാട്ടം, ഒരു മണി തമ്പുരാട്ടിയുടെ തിരുമുടി നിവരൽ, ഉച്ചക്ക്: അന്നദാനം, രാത്രി ആറാടിക്കൽ, ആറാട്ട് സദ്യ. ജനകീയ പങ്കാളിത്തത്തിൽ 251 അംഗ കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഉത്സവത്തിന് വിപുലമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്ന് വൻജനാവലി ഉത്സവത്തിനെത്തിച്ചേരും.