കരിപ്പൂരില്‍ 1.3 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു; മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍


കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.3 കോടി രൂപയുടെ സ്വര്‍ണം കള്ളക്കടത്ത് കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പുതുപ്പാടി പാലകുന്നുമ്മല്‍ ഹുസൈന്‍ (35), മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ദീന്‍ (24), കാസര്‍കോട് സ്വദേശി അബ്ദുല്‍സലാം (43), എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയില്‍നിന്നാണ് മുഹമ്മദ് നൂറുദ്ദീന്‍ ഇവിടെ എത്തിയത്. വിശദമായ പരിശോധനയില്‍ ശരീരത്തിനുള്ളിലും ധരിച്ചിരുന്ന ഉള്‍വസ്ത്രങ്ങള്‍ക്കുള്ളിലുമായി സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തി. 1155 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ നാലു കാപ്സ്യൂളുകളാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ചത്. സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ച 774 ഗ്രാം തൂക്കമുള്ള ഉള്‍വസ്ത്രങ്ങളുമാണ് നൂറുദ്ദീനില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചത്. ഏകദേശം 85 ലക്ഷം വിലമതിക്കുന്ന ഒന്നരക്കിലോഗ്രാമോളം സ്വര്‍ണമാണ് നൂറുദ്ദീനില്‍നിന്ന് കസ്റ്റംസ് പിടികൂടിയത്.

സ്പൈസ്‌ജെറ്റ് വിമാനത്തില്‍ ദുബായില്‍നിന്നാണ് അബ്ദുല്‍സലാം എത്തിയത്. ഇയാളുടെ ബാഗേജിനുള്ളിലുണ്ടായിരുന്ന ഇയര്‍പോഡും പാചകപാത്രങ്ങളുടെ കാര്‍ട്ടണും വിശദമായി പരിശോധിച്ചപ്പോള്‍ പാത്രങ്ങളുടെ ഉള്‍വശത്ത് ചപ്പാത്തിയുടെ രൂപത്തില്‍ വിദഗ്ധമായി ഒട്ടിച്ചുവെച്ചിരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ നാലു പായ്ക്കറ്റുകളും ഇയര്‍പോഡിനുള്ളില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണത്തിന്റെ ചെറിയ കഷണവും ലഭിച്ചു. 1227 ഗ്രാം തൂക്കമുള്ള സ്വര്‍ണമിശ്രിതമടങ്ങിയ ഈ സാധനങ്ങളില്‍നിന്ന് ഏകദേശം 35 ലക്ഷം വിലമതിക്കുന്ന 600 ഗ്രാം സ്വര്‍ണം കണ്ടെത്തി.

ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് പാലകുന്നുമ്മല്‍ ഹുസൈന്‍ കോഴിക്കോട്ടെത്തിയത്. ഇയാള്‍ ധരിച്ചിരുന്ന പാന്റ്‌സ് വിശദമായി പരിശോധിച്ചപ്പോള്‍ പാന്റ്‌സിന്റെ മുകള്‍വശത്തു തുന്നിപ്പിടിപ്പിച്ച സ്വര്‍ണമിശ്രിതമടങ്ങിയ ചെറിയ പായ്ക്കറ്റുകള്‍ കണ്ടെടുത്തു. 10 ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.