കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; വില്യാപ്പള്ളി സ്വദേശിയില്‍ നിന്നുള്‍പ്പെടെ പിടികൂടിയത് അഞ്ച് കോടി രൂപയുടെ സ്വര്‍ണ്ണം


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. മൂന്ന് കോടി രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാവിലെയുമായാണ് ഇത്രയും സ്വര്‍ണ്ണം കരിപ്പൂരില്‍ നിന്ന് പിടിച്ചത്.

ഇന്നലെ വൈകുന്നേരം ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന വടകര വില്യാപ്പള്ളി സ്വദേശിയില്‍ നിന്ന് 45.69 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഡി.ആര്‍.ഐ, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പിടികൂടിയത്. വില്യാപ്പള്ളി താച്ചാര്‍കണ്ടിയില്‍ അഷ്‌റഫിന്റെ മകന്‍ അഫ്‌നാസ് (29) ആണ് ന്യൂട്ടല്ല ജാറിനുള്ളില്‍ കലര്‍ത്തി 840.34 ഗ്രാം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ്ണക്കടത്ത് സ്വര്‍ണ്ണം 50,000 രൂപയാണ് അഫ്‌നാസിന് വാഗ്ദാനം ചെയ്തത്.

എയര്‍ അറേബ്യ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ഷാര്‍ജ വഴി വന്ന മലപ്പുറം ആതവനാട് സ്വദേശി പൊട്ടങ്ങല്‍ ഹംസ മകന്‍ അബ്ദുല്‍ ആശിഖ് (29) കൊണ്ടുവന്ന കമ്പ്യൂട്ടര്‍ പ്രിന്റര്‍ സംശയത്തേതുടര്‍ന്ന് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവെക്കുകയുണ്ടായി .ആശിഖ് കൊണ്ടുവന്ന ബാഗ്ഗെജിന്റെ എക്സറേ പരിശോധനയില്‍ അതിലുണ്ടായിരുന്ന പ്രിന്റ്റിന്റെ ഇമേജില്‍ സംശയം തോന്നിയതിനാല്‍ അത് വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് തന്റെ സഹോദരന്‍ തന്നയച്ചതാണെന്നും അതില്‍ സ്വര്‍ണ്ണമില്ലെന്നു തനിക്ക് ഉറപ്പാണെന്നും അതിനാല്‍ പ്രിന്റര്‍ തുറന്നു പരിശോധിച്ച് കേടുവന്നാല്‍ പുതിയ പ്രിന്റര്‍ നല്‍കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ആശിഖ് മുന്നറിയിപ്പ് നല്‍കി.

ഏകദേശം പതിനായിരം രൂപയോളം വിലവരുന്ന പ്രിന്റര്‍ അതിനാല്‍ പൊട്ടിച്ചു നോക്കാതെ ഉദ്യോഗസ്ഥര്‍ വിശദ പരിശോധക്കായി പിടിച്ചുവെക്കുകയുണ്ടായി. അത് ഇന്നലെ തുറന്നു നടത്തിയ വിശദമായ പരിശോധനയില്‍ ആണ് പ്രിന്റ്റിന്റെ പാര്‍ട്സായി വച്ചിരുന്ന 2 റോഡുകളില്‍ ഉണ്ടായിരുന്ന സ്വര്‍ണം വിദഗ്ദരുടെ സഹായ ത്തോടെ കസ്റ്റീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ 995 ഗ്രാം തങ്കത്തിനു വിപണിയില്‍ 55 ലക്ഷം രൂപ വിലവരും.കള്ളക്കടത്തു സംഘം ആശിഖിനു 90000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. സ്വര്‍ണക്കടത്തു സംഘത്തിന്റെ ഉപദേശപ്രകാരമാണ് നേരത്തെ ആശിഖ് ഇതുമായി ബന്ധപ്പെട്ട് തന്റെ സഹോദരന്‍ തന്നയച്ച കഥയെല്ലാം പറഞ്ഞു ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിച്ചത്.

മറ്റൊരു കേസില്‍ ഇന്നലെ വൈകുന്നേരം ദുബായില്‍നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ്ബിന്നില്‍നിന്നുമാണ് 1145 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ നീല കളറിലുള്ള ക്ലോത്ബെല്‍റ്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂവിന്റെ സഹായത്തോടെ പിടികൂടിയത്. വിമാനം കരിപ്പൂരിലെത്തിയ ശേഷം ഈ പാക്കറ്റ് മറ്റാരുടെയോ സഹായത്തോടെ പുറത്തു കടത്തുവാനിരുന്നതാണെന്നു സംശയിക്കുന്നു.

ഇന്ന് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം തവനൂര്‍ സ്വദേശിയായ ചെറുകാട്ടുവളപ്പില്‍ സൈദാലി മകന്‍ അബ്ദുല്‍ നിഷാറില്‍ (33) നിന്നും 1158 ഗ്രാം സ്വര്‍ണ്ണമിശ്രിതവും കൊടുവള്ളി അവിലോറ സ്വദേശിയായ പാറക്കല്‍ കാദര്‍ മകന്‍ സുബൈറില്‍ (35) നിന്നും 1283 ഗ്രാം സ്വര്‍ണ്ണമിശ്രിതവും അടങ്ങിയ 4 വീതം ക്യാപ്സുലുകള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തുകയുണ്ടായി. കള്ളക്കടത്തുസംഘം നിഷാറിന് 50000 രൂപയും സുബൈറിനു 70000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.