കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണവേട്ട; ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണവുമായി മധ്യവയസ്ക്കൻ പിടിയിൽ
കരിപ്പൂർ: തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദിനെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. 67 ലക്ഷം രൂപ വില വരുന്ന സ്വർണം ഇയാളിൽ നിന്നും പിടിച്ചെടുത്തു. 964 ഗ്രാം സ്വർണം നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ദുബായിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് റഷീദ് കരിപ്പൂരിലെത്തിയത്. സ്വർണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.തുടർ നടപടികൾക്കായി കസ്റ്റംസിന് റിപ്പോർട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു.