സ്വർണ വിലയിൽ വൻ വർധന; ഒറ്റ ദിവസംകൊണ്ട് ഇത്രയും വിലക്കയറ്റം ചരിത്രത്തിലാദ്യം, ആശങ്കയിൽ വിപണി


കോഴിക്കോട്: ഏതാനും ദിവസങ്ങളായി തുടർന്ന ഇടിവിന് വിരാമമിട്ട് ഇന്ന് സ്വർണ വില വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇന്ന് വൻ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്.

ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് പവൻ വിലയിൽ 2160 രൂപയുടെ വർധനവാണുണ്ടായത്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് സ്വർണവില ഒറ്റ ദിവസം കൊണ്ട് ഇത്രയും വർധിക്കുന്നത്. ഇതോടെ ഒരു പവന്റെ വില 68,480 രൂപയിലെത്തി. ഇത് സർവകാല റെക്കോർഡാണ്. ഗ്രാമിന് 270 രൂപ വർധിച്ച് 8550 രൂപയുമായി. ഏപ്രിൽ 3നും സ്വർണവില 68480 രൂപയിൽ എത്തിയിരുന്നു.

ഇന്ന് 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,338 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 8,560 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,004 രൂപയുമാണ്.