പവന് അറുപതിനായിരത്തിലേക്ക്; സ്വർണ വില റെക്കോഡ് കുതിപ്പിൽ, ഇന്നും വില കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് 480 രൂപ കൂടി. ഒരു പവന് 59,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അറുപതിനായിരത്തിലെത്താൻ 400 രൂപയുടെ വ്യത്യാസം മാത്രമേയുള്ളൂ. റെക്കോർഡ് കുതിപ്പിലാണ് സ്വർണ വില.
ഒരു ഗ്രാമിന് അറുപത് രൂപാ വർധിച്ചു. 7450 രൂപയായി. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് കൂടിയത്. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ വില 80253 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിൽ സ്‌പോട് ഗോൾഡിന് ട്രോയ് ഔൺസിനു 2,715.22 ഡോളർ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
Description: Gold prices surged to record highs today