റോക്കറ്റുപോലെ കുതിച്ച് പൊന്ന്; സ്വർണവിലയിൽ ഇന്ന് വൻ വർധനവ്, ഒരുലക്ഷത്തിന് മുകളിലെത്തുമോയെന്ന ആശങ്കയിൽ ഉപഭോക്താക്കൾ
സംസ്ഥാനത്തെ സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 67400 രൂപയിലാണ് വ്യാപാരം . പവന് 66,880 രൂപയെന്ന റെക്കോർഡ് ബേദിച്ച് പുതിയ റെക്കോർഡാണ് കുറിച്ചിരിക്കുന്നത്.
ഒരു ഗ്രാമിന് 45 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8425 രൂപയിലെത്തി. മാർച്ച് മാസം മാത്രം സംസ്ഥാനത്തെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 3880 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ ഇനി 73000 രൂപയ്ക്ക് മുകളിൽ നൽകണം. അതേസമയം ജനങ്ങളുടെ കൈവശമുള്ള പഴയ സ്വർണത്തിന്റെ മൂല്യം വർധിക്കുകയാണ്.

ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട് ട്രംപ് കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നത്. യുക്രൈൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യൻ എണ്ണയ്ക്ക് ഇറക്കുമതിത്തീരുവ ഉയർത്തുമെന്ന ഭീഷണി കൂടി വന്ന പശ്ചാത്തലത്തിൽ സ്വർണവിലയിൽ പെട്ടെന്നൊരു ഭീമമായ കുറവ് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.