എന്റെ പൊന്നേ..! സ്വര്‍ണ്ണവില വീണ്ടും പുതിയ റെക്കോര്‍ഡില്‍; ഗ്രാമിന് 9000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വില ഇന്ന് പുതിയ സര്‍വ്വകാല ഉയരം തൊട്ടു. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 72,120 രൂപയാണ് വില. രാജ്യാന്തര വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് താഴ്ച്ചയുണ്ട്.
വീണ്ടും കത്തിക്കയറി സംസ്ഥാനത്തെ സ്വര്‍ണ്ണ വില. ഇന്ന് പവന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് വില കൂടിയത്. ഇന്ന് പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ സര്‍വ്വകാല ഉയരമാണ്. ഇതാദ്യമായാണ് ഗ്രാം വില 9,000 രൂപ നിലവാരം മറികടക്കുന്നത്. രാജ്യാന്തര സ്വര്‍ണ്ണ വിലയിലെ കുതിപ്പാണ് കേരളത്തിലും വില വര്‍ധനയ്ക്ക് കാരണമായത്. നിലവില്‍ ആഗോള വില ട്രോയ് ഔണ്‍സിന് 3,370.40 ഡോളര്‍ നിലവാരത്തിലാണ്.

നിലവില്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഏകദേശം 77,000 രൂപയാണ് നല്‍കേണ്ടത്. 3% ജി.എസ്.ടി, ചെറിയ ഹോള്‍മാര്‍ക്കിങ് ചാര്‍ജ്ജ്, കുറഞ്ഞ പണിക്കൂലിയായി 5% എന്നിവ കണക്കാക്കുമ്പോഴാണിത്. 30% വരെ പണിക്കൂലിയുള്ള ആഭരണങ്ങളുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന മേക്കിങ് ചാര്‍ജ്ജുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പവന് ഒരു ലക്ഷം രൂപയോളം വില വരും.
കേരളത്തിലെ സ്വര്‍ണ്ണ വില ഏപ്രില്‍ മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയത് 8ാം തിയ്യതിയാണ്. അന്ന് പവന് 65,800 രൂപയും, ഗ്രാമിന് 8,225 രൂപയുമായിരുന്നു വില. ഇവിടെ നിന്ന് ഇതു വരെ ഏകദേശം രണ്ടാഴ്ച്ച കൊണ്ട് ഒരു പവന് 6,320 രൂപയും, ഗ്രാമിന് 790 രൂപയുമാണ് വില ഉയര്‍ന്നിരിക്കുന്നത്.
Description: Gold prices in the state have made history today