കുത്തനെ കയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ


തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാംദിവസവും കേരളത്തില്‍ സ്വര്‍ണവില അതിവേഗത്തില്‍ മുന്നേറുന്നു. ഇന്ന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ച് വില 68,080 രൂപയായി. ഇന്നലെ 67,000 രൂപ ഭേദിച്ച പവന്‍വില, ഇന്ന് 68,000 രൂപയും മറികടന്ന് മുന്നേറിയിരിക്കുകയാണ്.

്ഗ്രാമിന് ഇന്ന് 85 രൂപ കുതിച്ച് വില 8,510 രൂപയിലെത്തി. ഗ്രാം വില 8,500 രൂപ കടന്നതും ഇതാദ്യം. 2,600 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കൂടിയത്. കനംകുറഞ്ഞ ആഭരണങ്ങളും (ലൈറ്റ് വെയ്റ്റ്) വജ്രം ഉള്‍പ്പെടെ കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും ഇന്നു ചരിത്രം കുറിച്ചു. വില ആദ്യമായി 7,000 രൂപ കടന്നു.

ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 7,020 രൂപയാണ് ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ ചെയര്‍മാനായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) നല്‍കിയ വില. ഇവര്‍ വെള്ളിക്കു നല്‍കിയ വില ഗ്രാമിന് ഒരു രൂപ ഉയര്‍ത്തി 112 രൂപയായി.

Description: Gold prices hit record highs in the state