അടിച്ചു കേറി സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 480രൂപ, തൊട്ടാല്‍ പൊള്ളും!


കോഴിക്കോട്‌: സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക്. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,000 ആയി വര്‍ധിച്ചത്‌. ഡോളറിന്റെ മൂല്യ വര്‍ധനവാണ് ഇപ്പോഴത്തെ വില വര്‍ധനവിന്റെ പ്രധാന കാരണം. 7375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 58,520 രൂപയായിരുന്നു വില. സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.

വെള്ളിയുടെ വിലയിലും വര്‍ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയാണ്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ജൂലൈ 23ാം തിയ്യതിയാണ്. സമീപ കാലത്ത് കേരളത്തില്‍ ഒറ്റ ദിവസം ഏറ്റവുമധികം വില കുറഞ്ഞ ദിവസവും ഇതായിരുന്നു. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 6% കുറയ്ക്കുന്നതായി ബജറ്റ് പ്രഖ്യാപനമുണ്ടായി. ഇതേത്തുടര്‍ന്ന് അന്ന് രണ്ട് തവണകളിലായി പവന് 2,200 രൂപ കുറഞ്ഞു. സ്വര്‍ണ്ണം വാങ്ങാനിരുന്ന വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഈ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്തു.

ഒക്ടോബർ 1ന്‌ ഒരു പവൻ സ്വർണത്തിന്റെ വില 56,400 രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണ വില സംസ്ഥാനത്ത് കുതിക്കുകയായിരുന്നു. ഒക്ടോബർ 4ന്‌ ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയായിരുന്നു. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റങ്ങളില്ലായിരുന്നു. ഒക്ടോബര്‍ 7നാവട്ടെ 160 രൂപ കുറഞ്ഞ് സ്വര്‍ണ വില 56,800രൂപയില്‍ എത്തി. എന്നാല്‍ ഒക്ടോബര്‍ 12 ആയതോടെ സ്വര്‍ണത്തിന്റെ വിപണി വില 56960രൂപയില്‍ തന്നെ എത്തി. ഒക്ടോബര്‍ 16നാണ് സ്വര്‍ണവില 57,120രൂപയില്‍ എത്തിയത്. പിന്നീട് സ്വര്‍ണവില ഓരോ ദിവസവും വര്‍ധിക്കുകയായിരുന്നു. ഒക്ടോബർ 19 ആയതോടെ 480 രൂപ വര്‍ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 58240 രൂപയായി ഉയര്‍ന്നു. 19ന് ശേഷം ഒരു ദിവസം മാത്രമാണ് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം സ്വര്‍ണ വില കുതിക്കുകയായിരുന്നു.

Description: Gold prices hit all-time record in the state