ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവില വീണ്ടും താഴേക്ക്; ഇന്ന് കുറഞ്ഞത് 880 രൂപ, വരും ദിവസങ്ങളിലും വിലയിടിയാൻ സാധ്യത
തിരുവനന്തപുരം: ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവില വീണ്ടും താഴേക്ക്. തുടർച്ചയായി വിലയിടുന്നത് വലിയ അളവിൽ സ്വർണം വാങ്ങുന്ന കല്യാണ പാർട്ടികൾക്കും ആശ്വസകരമാണ്. കേരളത്തിൽ ഇന്ന് പവന് 880 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 55,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 110 രൂപ ഇടിഞ്ഞ് ഒരു ഗ്രാമിന് 6,935 രൂപയായി.
സെപ്റ്റംബർ 23ന് ശേഷം ആദ്യമായാണ് പവൻ വില 56,000 രൂപയ്ക്കും ഗ്രാം വില 7,000 രൂപയ്ക്കും താഴെ എത്തുന്നത്. ഈ മാസം ഇതുവരെ പവന് കുറഞ്ഞത് 4,160 രൂപയാണ്. ഗ്രാമിന് 520 രൂപയും. ഒക്ടോബർ 31നു കുറിച്ച പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിലെ റെക്കോർഡ് സ്വർണ വില.
യുഎസിലെ രാഷ്ട്രീയ, സാമ്പത്തിക ചലനങ്ങളാണ് സ്വർണ വിലത്തകർച്ചയുടെ കാരണങ്ങളിലൊന്ന്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ച ശേഷം ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) കുതിച്ചുകയറ്റം തുടങ്ങിയത് സ്വർണവില താഴുന്നതിന് കാരണമായി. ഡോളറും ബോണ്ടും ഓഹരികളും ക്രിപ്റ്റോകറൻസികളും മികച്ച നേട്ടം നൽകിത്തുടങ്ങിയതോടെ നിക്ഷേപകർ ഗോൾഡ് ഇടിഎഫ് അടക്കമുള്ള സ്വർണനിക്ഷേപ പദ്ധതികളിൽനിന്നും പിന്മാറുന്നതിനാലുമാണ് സ്വർണ വിലയെ കൂപ്പുകുത്തിക്കുന്നത്.